മൂവാറ്റുപുഴ: റീബിൽഡ് കേരളം പ്രകാരം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച 5.20-കോടി രൂപയുടെ രണ്ട് പദ്ധതികൾ മൂവാറ്റുപുഴയ്ക്ക് നഷ്ടമാകുന്നു. ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരിയിൽ തൂക്കുപാലം നിർമിക്കുന്നതിനും പായിപ്ര പഞ്ചായത്തിലെ കീച്ചേരിപ്പടി -ആട്ടായം- കുറ്റിക്കാട്ട് ചാലിപ്പടി റോഡിനും അനുവദിച്ച തുകയാണ് തുടർ പ്രവർത്തനങ്ങളുടെ അഭാവത്തിൽ നഷ്ടമാകുന്നത്.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ തോട്ടഞ്ചേരി തൂക്കുപാലം നിർമ്മാണത്തിന് 1.70 കോടി രൂപയുടെയും കീച്ചേരിപ്പടി-ആട്ടായം- കുറ്റിക്കാട്ട് ചാലിപ്പടി റോഡിന് 3.50- കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ ജനപ്രതിനിധികളുടെ അലംഭാവം തുക നഷ്ടപ്പെടുന്നതിന് കാരണമായി.
കീച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച് പായിപ്ര പഞ്ചായത്തിലെ മുളവൂർ ജംഗ്ഷനിൽ അവസാനിക്കുന്ന അഞ്ചര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് മൂന്ന് വകുപ്പുകളുടെ അധീനതയിലാണ്. കീച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച് ആട്ടായത്ത് അവസാനിക്കുന്ന ഒന്നര കിലോമീറ്റർ നഗരസഭയുടെയും ആട്ടായം മുതൽ നിരപ്പ് അക്വഡൈറ്റ് ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന്റെയും അക്വഡൈറ്റ് ജംഗ്ഷനിൽ നിന്ന് പുതുപ്പാടി ഇരുമലപ്പടി റോഡിലെ മുളവൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ ജില്ലാ പഞ്ചായത്തിന്റെയും അധീനതയിലാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡിൽ എല്ലാ വർഷവും കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കും. എന്നാൽ ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗമായി വരുന്ന റോഡ് തകർന്നുകിടക്കാറാണ് പതിവ്. കെ.എം.എൽ.പി.എസ്, മൂവാറ്റുപുഴ തർബിയത്ത് സ്‌കൂൾ, ആരാധനാലയങ്ങൾ തുടങ്ങിയവയിലേക്ക് വരുന്ന ആയിരക്കണക്കിനു പേരാണ് റോഡ് ഉപയോഗിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥയും കളക്ഷൻ കുറവും മൂലം ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തിയിരുന്നു.


.