said

കൊച്ചി: തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗി ലക്ഷദ്വീപിലെ അഗത്തിയിൽ മരിച്ചു. എയർ ആംബുലൻസ് കിട്ടാത്തതിനാൽ വിദഗ്ദ്ധ ചികിത്സ ലഭിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. അഗത്തി ദ്വീപിലെ വടക്ക് കൂടംവീട്ടിൽ സെയ്ത് മുഹമ്മദാണ് (70) മരിച്ചത്. നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടായ രോഗിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിയന്തരമായി കൊച്ചിയിലെത്തിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, കാലാവസ്ഥ മോശമായിരുന്നതിനാൽ എയർആംബുലൻസ് ലഭ്യമായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി ഇന്നലെ രാവിലെ മരിച്ചു.

സൈനബയാണ് ഭാര്യ. മക്കൾ: നസീമ വി.കെ, അബു ഹുറൈറ, നസീറ, സാജിത, സമീറ, നിഹാദ വി.കെ. മരുമക്കൾ: അക്ബർ അലി, ഹാജറ, നിസാമുദ്ദീൻ, അബ്ദുൽ റാസിക്ക്, അഫ്സാൻ.

കഴിഞ്ഞമാസം ചെത്ത് ലത്ത് ദ്വീപിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തിലും സമാന ആരോപണമുയർന്നിരുന്നു.