മരട്: കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ആസാം നവ്ഗാവോൺ സ്വദേശി കാസിം അലിയാണ് (24) പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ രാജ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നെട്ടൂരിലുള്ള സ്വകാര്യ ഹോട്ടലിൽ ജോലിക്കു നിന്നിരുന്ന കാസിം ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ താമസിക്കുവാൻ നൽകിയിരുന്ന മുറിയോട് ചേർന്ന് ചട്ടിയിൽ മൂന്ന് കഞ്ചാവ് തൈകളാണ് വളർത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ രാജ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തിൽ പനങ്ങാട് എസ്.ഐമാരായ ജിൻസൺ ഡോമനിക്, ജോസി, അനസ്, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒ സനീബ്, സി.പി.ഒമാരായ മഹേഷ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.