തൃക്കാക്കര: നഗരസഭയിലെ അത്താണി കീരേലിമല കോളനി നിവാസികളുടെ ദുരിതജീവിതത്തിന് പരിഹാരമാകുന്നു. ഇവർക്ക് പൊയ്യച്ചിറയിൽ പുനരധിവാസം നൽകാനുള്ള തീരുമാനം സർക്കാർ അംഗീകരിച്ചു.

കാക്കനാട് പൊയ്യച്ചിറയിൽ 50 സെന്റ് സ്ഥലമാണ് 13 കുടുംബങ്ങൾക്കായി നൽകുന്നത്. ഒരു കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലം വീതം.നിലവിൽ കീരേലിമല കോളനിയിൽ താമസിക്കുന്നവർക്ക് പട്ടയം നേരത്തെ നൽകിയിട്ടുണ്ട്. അത് റദ്ദുചെയ്തശേഷമേ മറ്റൊരു പട്ടയം അവർക്ക് നൽകാൻ നിയമപരമായി സാധിക്കുകയുള്ളുവെന്നാണ് റവന്യു അധികൃതർ പറയുന്നത്. ഉത്തരവിൽ അക്കാര്യം സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ വ്യക്തതയ്ക്കായി സർക്കാരിലേക്ക് അയച്ചിരിക്കുകയാണ് അധികൃതർ. അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുംവരെ കീരേരി മലയിൽനിന്ന് ഒഴിവായി വാടകയ്ക്ക് പോകുവാനാണ് അറിയിച്ചിട്ടുള്ളത്.

മഴക്കാലത്ത് കീരേലിമലയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത് പതിവാണ്. മഴ ശക്തമാകുന്നതിനു മുമ്പായി മാറിത്താമസിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. പുനരധിവാസം ഉറപ്പായതോടെ അടുത്ത മണ്ണിടിച്ചിലിന് മുമ്പായി സ്വമേധയാ അവിടം വിട്ട് പോകാൻ അവർ തയ്യാറായി. വാടകയ്ക്ക് പോകുന്ന 13 കുടുംബങ്ങൾക്ക് 5000 രൂപ വീതം നഗരസഭ നടകയായി നൽകുവാനാണ് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ മൂന്നു മാസത്തേക്കാണ് നഗരസഭ വാടക നൽകുന്നത്. വേണ്ടി വന്നാൽ തുടർന്നും പരിഗണിക്കും.

സ്ഥലം നൽകുന്നവർക്ക് നാല് ലക്ഷംരൂപ വീട് പണിയാൻ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും ദുരന്തനിവാരണ വകുപ്പിൽ നിന്നുള്ള ഫണ്ടും ഉൾപ്പെടുത്തിയാണ് തുക നൽകുന്നത്. വില്ലേജ് അധികൃതർ സ്ഥലം അളന്ന് മൂന്ന് സെൻ്റായി തിരിച്ച് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സ്ഥലവും വീട് വയ്ക്കാൻ പണവും നൽകുന്ന പദ്ധതി ഒഴിവാക്കി ഒരു ടൗൺഷിപ്പായി രൂപപ്പെടുത്തി ഹൗസിംഗ് കോളനിയായി സർക്കാർ നേരിട്ട് കെട്ടിടം പണിതശേഷം കൈമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. ജില്ലാ അധികൃതർ അതിനുള്ള നിർദ്ദേശങ്ങളും സർക്കാരിലേക്ക് നൽകിയിട്ടുണ്ട്.

കീരേലിമല കോളനിയിൽനിന്ന് മാറിത്താമസിക്കുന്നവർക്ക് വാടക കൊടുക്കുന്നതിന് അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനിച്ച് ജില്ലാ കളക്ടർക്ക് നൽകും.ആ ഫണ്ട് ഓഡിറ്റ് ഒബ്ജക്ഷൻ ഇല്ലാതിരിക്കാൻ കളക്ടറുടെ ഉത്തരവ് ലഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൺ പറഞ്ഞു. ജില്ലാകളക്ടർ ജാഫർ മാലിക്കിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, ചെയർപേഴ്സൺ അജിത തങ്കപ്പൻ, എ.ഡി.എം എസ്. ഷാജഹാൻ, കൗൺസിലർമാരായ എം.ജെ. ഡിക്സൺ, സജീന അക്ബർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.