a

കുറുപ്പംപടി: ആലുവ മൂന്നാർ റോഡിൽ റോട്ടറി ക്ലബ്ബ് മുതൽ പാച്ചുപിള്ളപടി വരെയുള്ള ഭാഗങ്ങളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പാഴായി. ഇതോടെ റോഡിൽ പഴയപടി കുഴികൾ രൂപപ്പെട്ടു. മഴ കനത്തതോടെ ചെളക്കുളമായിരിക്കുകയാണ് റോഡ്.

മഴക്കാലത്ത് നടത്തിയ ടാറിംഗാണ് എ.എം. റോഡിനെ വീണ്ടും കുളമാക്കിയത്.

ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് എന്ന നിബന്ധനപ്രകാരം ഏഴു കോടി രൂപയ്ക്ക് വി.കെ.ജെ ഗ്രൂപ്പാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. മഴയ്ക്കു മുമ്പേ പണികൾ ആരംഭിക്കണം എന്നായിരുന്നു നിബന്ധന.എന്നാൽ നിർമാണ പ്രവർത്തി തുടങ്ങുന്നതിന് സാങ്കേതിക തടസങ്ങൾ മൂലം കാലതാമസംവന്നു. ഒടുവിൽ സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നിർബന്ധത്തിനു വഴങ്ങി പ്രവർത്തികൾ ആരംഭിക്കുകയായിരുന്നു.

മഴ തുടങ്ങിയപ്പോഴാണ് കുറച്ച് സ്ഥലങ്ങളിൽ മാത്രം ടാറിംഗ് ആരംഭിച്ചത്. ടാറിംഗ് പൂർത്തിയായി മൂന്നാം ദിവസം റോഡിൽ കുഴികൾ രൂപപ്പെട്ടുതുടങ്ങി. മുമ്പത്തേക്കാളേക്കാൾ വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. റോഡ് മുഴുവൻ മെറ്റൽ നിറഞ്ഞിരിക്കുന്നു. കൃത്യമായ അളവിൽ മിശ്രിതങ്ങൾ ചേർക്കാത്തതും ശരിയാംവിധം റോളിംഗ് നടത്താത്തതും മറ്റുമാണ് ലെവലിംഗ് നടത്തിയ ഭാഗം പെട്ടെന്ന് പൊളിയാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. പുനർനിർമ്മാണത്തിന് നിലവാരമില്ലെന്നും റോഡിന്റെ ദുരവസ്ഥയ്ക്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണമാണെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

ബി.എം ബി.സി നിലവാരമില്ല

ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എ.എം. റോഡിന്റെ ഇരിങ്ങോൾ റോട്ടറി ക്ലബ്ബ് മുതൽ പാച്ചുപിള്ളപടി വരെയുള്ള ഭാഗത്തെ ടാറിംഗ്. മുഴുവൻ ഭാഗവും ബി.എം.ബി.സി നിലവാരത്തിലല്ല ടാർ ചെയ്യുന്നത്. കുറച്ചു ഭാഗങ്ങളിൽ മാത്രം അഞ്ച് സെന്റീമീറ്റർ കനത്തിൽ ബി.എം നിരത്തുകയും. ബാക്കി ഭാഗം ബി.സി നിലവാരത്തിൽ 4 സെൻറീമീറ്റർ കനത്തിലുമാണ് ടാർ ചെയ്യുന്നത്. പതിനഞ്ച് വർഷത്തോളം പഴക്കമുള്ള ഇളകാറായ ടാറിംഗിന് മുകളിൽ ഇങ്ങനെ ടാർ ചെയ്താൽ രണ്ടുമാസം കൊണ്ട് വീണ്ടും റോഡ് പഴയ അവസ്ഥയിലാകും.

ആലുവ മൂന്നാർ റോഡിന്റെ പണികൾ ശരിയാംവിധമല്ല നടക്കുന്നത്. ബി.എം.ബി.സി നിലവാരത്തിൽ മുഴുവൻ ഭാഗത്തും ടാറിംഗും നടത്തുകയാണ് വേണ്ടത്.

പി.ബി. സുരേഷ് കുമാർ

സെക്രട്ടറി, കുറുപ്പംപടി എസ്.എൻ.ഡി.പി ശാഖ

തെക്കിന്റെ കശ്മീർ എന്ന് വിശേഷിക്കപ്പെടുന്ന മൂന്നാറിലേക്കുള്ള റോഡാണ് എം.എം.റോഡ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദിവസേന ആയിരക്കണക്കിന് വിദേശിയരടക്കം യാത്രക്കാരും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡ് ശോചനീയമായ അവസ്ഥയിലാണ്. എൻജിനിയർമാരുടെയും കോൺട്രാക്ടർമാരുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നിലവാരം എത്രയാണെന്നതിന്റെ തെളിവാണിത്.

ബിജു, കമ്മിറ്റി അംഗം, കുറുപ്പുംപടി മർച്ചന്റ് അസോസിയേഷൻ .