synthite

കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സിന്തൈ​റ്റ് സ്ഥാപകൻ സി.വി. ജേക്കബിന്റെ സ്മരണാർത്ഥം സിന്തൈ​റ്റ് ഗ്രൂപ്പ് ഒരുകോടിരൂപ മുടക്കി നിർമ്മിച്ച ഇൻഡോർ സ്​റ്റേഡിയം തുറന്നു. സി.വി.ജെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഏലിയാമ്മ ജേക്കബ് സ്​റ്റേഡിയം ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ജാഫർ മാലിക്, സിന്തൈ​റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ്, ഡയറക്ടർ അജു ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ജീമോൻ കടയിരുപ്പ്, പ്രിൻസിപ്പൽ മിനി റാം, ഹെഡ്മിസ്ട്രസ് വി. ജ്യോതി, എം.കെ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ആധുനിക സൗകര്യങ്ങളോടെ 12,000 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. ബാസ്‌ക​റ്റ് ബാൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് കോർട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കേ​റ്റിംഗ് പരിശീലനം ഉൾപ്പെടെയുള്ള ഇൻഡോർ സൗകര്യങ്ങൾ ഉടൻ ഒരുക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് സ്റ്റേഡിയത്തിന്റെയും കളിക്കളങ്ങളുടെയും രൂപകല്പന. കായികപരിശീലനത്തിന് ഏറെ സഹായകമായ വി.ഡി.എഫ് സാങ്കേതികവിദ്യയിലാണ് പ്രതലങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടായിരംപേർക്ക് ഇരിപ്പിട സൗകര്യമൊരുക്കാൻ കഴിയുന്നതിനാൽ സ്‌കൂളിലെ പൊതുപരിപാടികൾക്കും സ്റ്റേഡിയം ഉപയോഗിക്കാനാകും.