
കൊച്ചി: ദക്ഷിണ ഗുജറാത്തിൽ റബർ കൃഷിചെയ്യാനുള്ള സാദ്ധ്യതകൾ വിലയിരുത്താൻ റബർബോർഡും നവസാരി കാർഷിക സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. സർവകലാശാലയുടെ പെരിയ ഫാമിൽ ഒരു ഹെക്ടർ റബർത്തോട്ടം സ്ഥാപിക്കും.
കാർഷികകാലാവസ്ഥ വിലയിരുത്താൻ 13 ഗവേഷണഫാമുകളിൽ പരീക്ഷണങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി പെരിയ ഫാമിൽ റബർ നട്ടു. റബർബോർഡ് ഡയറക്ടർ (ഗവേഷണം) ഡോ.ജെസി എം.ഡി., നവസാരി കാർഷിക സർവകലാശാല (എൻ.എ.യു) റിസർച്ച് ഡയറക്ടർ ഡോ.ടി.ആർ.അഹ്ലാവത് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. റബർബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ, സർവകലാശാല വൈസ് ചാൻസലർ ഡോ. ഇസഡ്.പി.പട്ടേൽ എന്നിവർ പങ്കെടുത്തു.
പ്രകൃതിദത്ത റബറിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. പ്രതിവർഷം ശരാശരി 1.2 ദശലക്ഷം ടണ്ണാണ് ഉപഭോഗം. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ പിന്തുണയോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ച് വർഷത്തിനുള്ളിൽ രണ്ടുലക്ഷം ഹെക്ടറിൽ റബർ നട്ടുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. 2021ൽ ആരംഭിച്ച പദ്ധതിയിൽ അഞ്ചുലക്ഷം ഹെക്ടറിൽ റബർ തോട്ടങ്ങൾ വ്യാപിപ്പിക്കാനാണ് ശ്രമം.