mla

കോലഞ്ചേരി: കാടിനെ തൊട്ടറിഞ്ഞ യാത്രകളുടെ നേർക്കാഴ്ചയൊരുക്കിയ എം.എൽ.എയുടെ ഫോട്ടോ പ്രദർശനം നിയമസഭാ സാമാജികർക്ക് നവ്യാനുഭവമായി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയാണ് പത്ത് വർഷത്തെ കാടിനോടുള്ള പ്രണയം ഫ്രെയിമിലാക്കിയത്. കഴിഞ്ഞ ദിവസം വനമഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നിയമസഭയിലെ ആർ. ശങ്കരനാരായണൻ ഹാളിന് പുറത്തൊരുക്കിയ പ്രദർശനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാരും സാമാജികരും പ്രദർശനം കാണാനെത്തി.

നിയമസഭയിൽ ആദ്യമായാണ് എം.എൽ.എ പകർത്തിയ ഫോട്ടോകളുടെ പ്രദർശനം നടക്കുന്നത്. ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കാമറയുമായി കാടു കയറാൻ ശ്രീനിജിനെ പ്രേരിപ്പിച്ചത്. കാമറയും തൂക്കി മാസങ്ങൾ കാടുകയറിയാണ് ചിത്രങ്ങളിൽ പലതും പകർത്തിയത്. ലോകത്ത് തന്നെ ഏറ്റവും പ്രകൃതിഭംഗിയുള്ളതും വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രവുമായ കെനിയയിലെ മസൈമാറയടക്കമുള്ള വനമേഖലകളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിന്റെ സവിശേഷതയായി. രണ്ടാഴ്ചയോളം കാത്തിരുന്ന് ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് എടുത്ത കടുവ, നല്ല ഫ്രെയിമിനായി ദിവസങ്ങളോളം കാത്തിരുന്ന് ഫിലിമിലാക്കിയ മലമുഴക്കി വേഴാമ്പൽ, മാക്കാച്ചിക്കാട എന്നിങ്ങനെ അപൂർവങ്ങളായ 125 ചിത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. കേരളം, കർണ്ണാടകം വനമേഖലകളിൽ നിന്നാണ് കൂടുതലായും ചിത്രങ്ങൾ പകർത്തിയത്. ഇതിൽ നിന്ന് അഞ്ച് ചിത്രങ്ങൾ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനം വകുപ്പ് നടത്തുന്ന പരിപാടികളിൽ കാടിനെ സ്നേഹിക്കുന്ന എം.എൽ.എയെ പ്രത്യേക ക്ഷണിതാവാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വകുപ്പ് മുൻ കൈയെടുത്ത് സംസ്ഥാനത്തുടനീളം ചിത്ര പ്രദർശനങ്ങളും സംഘടിപ്പിക്കും.