
കൊച്ചി: ഈ പെയ്‌ത്തെല്ലാം കണ്ട്, എന്തൊരു മഴയാണെന്ന് പറഞ്ഞേക്കരുത്. കേരളത്തിന് ഇതുവരെ കിട്ടേണ്ട മഴയൊന്നും പെയ്തിട്ടേയില്ല! 33 ശതമാനമാണ് മൺസൂണിലെ കുറവ്. ശരാശരി 799.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സംസ്ഥാനത്ത് പെയ്തത് 539 മില്ലി മീറ്റർ മാത്രം. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്കുകൾ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ. കിട്ടേണ്ടത് 909.3 മില്ലിമീറ്റർ, പെയ്തത് 483.7 മില്ലിമീറ്റർ മാത്രം. 47ശതമാനം കുറവ്. കണക്കിൽ മുന്നിൽ കാസർകോടാണ്. ഇവിടെ കുറവ് 19 ശതമാനം മാത്രം. 1203 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് 972.5 മില്ലിമീറ്റർ കിട്ടി. ജൂണിൽ മൺസൂണിന്റെ ശക്തി കുറഞ്ഞതാണ് പ്രശ്നമായത്.
ലക്ഷദ്വീപ് 26%
കേരളത്തെ മൺസൂൺ 'വെറുതെ’ വിട്ടപ്പോൾ, നനഞ്ഞു കുളിച്ചത് ലക്ഷദ്വീപാണ്. ഇവിടെ 26 ശതമാനം അധികമഴ ലഭിച്ചു. സാധാരണ ദ്വീപിൽ കിട്ടേത് 404.8 മില്ലി മീറ്റർ മഴയാണ്. പെയ്തതാകട്ടെ 508.8 മില്ലി മീറ്ററും. ലക്ഷദ്വീപിൽ പരക്കേ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴയാണ് ദ്വീപിൽ പെയ്തത്. ആന്ത്രത്ത്, കവരത്തി, ചെത്ത്ലാത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ഒപ്പം കടൽക്ഷോഭവും.
ജില്ല - ലഭിച്ചത് - കിട്ടേണ്ടത് - കുറവ്
• ആലപ്പുഴ-481.4 -665.4 - 28%
• കണ്ണൂർ- 789- 1095.2 -28 %
• എറണാകുളം -575.6- 857.9- 33 %
• കൊല്ലം -336.1 -499.9 -33 %
• കോട്ടയം -589- 773.9 -24 %
• കോഴിക്കോട് -712 -1086.5 -34%
• മലപ്പുറം-543.9-783.4- 31%
• പാലക്കാട് -340-585.2-42%
• പത്തനംതിട്ട -375.9-622.5 -40%
• തിരുവനന്തപുരം -257.6-359.5 -28%
• തൃശൂർ -685.4 -866.3-21%
• വയനാട് - 586.2-917.5-36%
കർണാടക തീരം വരെ നിലനിന്ന ന്യൂനമർദ്ദ പാത്തി വടക്കൻ കേരള തീരം വരെ വ്യാപിച്ചതിനാൽ മഴ ശക്തമായി തുടരാൻ സാദ്ധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും.
സംസ്ഥാന കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രം