
കൊച്ചി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ വിവാഹം നടന്നില്ലെന്ന കാരണത്താൽ പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വഞ്ചിച്ചോ തെറ്റിദ്ധരിപ്പിച്ചോ സമ്മതം വാങ്ങിയതാണെന്ന് തെളിഞ്ഞാൽ മാത്രമേ പീഡനക്കുറ്റം നിലനിൽക്കൂവെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. വിവാഹവാഗ്‌ദാനം നൽകി അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കേന്ദ്രസർക്കാർ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ. നാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപൂർത്തിയായ രണ്ടുപേർ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പീഡനമല്ല. പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടതിനുശേഷം ആ ബന്ധം വിവാഹത്തിൽ കലാശിച്ചില്ലെന്ന ഒറ്റക്കാരണത്താൽ പീഡനക്കുറ്റം ചുമത്താനും കഴിയില്ല. വിവാഹവാഗ്‌ദാനം പാലിച്ചില്ലെന്ന പേരിൽ ശാരീരികബന്ധത്തെ പീഡനമായി കണക്കാക്കണമെങ്കിൽ ലൈംഗികബന്ധത്തിന് സ്ത്രീ സമ്മതിച്ചത് ഈ വാഗ്‌ദാനത്തിന്റെ പേരിലായിരിക്കണം. അല്ലെങ്കിൽ വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രതി വിവാഹവാഗ്‌ദാനം നൽകിയതായിരിക്കണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 പ്രകാരമുള്ള പീഡനക്കുറ്റം എങ്കിലേ നിലനിൽക്കുകയുള്ളൂ. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസുകളിൽ സുപ്രീംകോടതിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.