
തമ്മനം പുല്ലേപ്പടി റോഡും തകർന്നു
വൈറ്റിലയിൽ അറ്റകുറ്റപ്പണിക്ക് പിന്നാലെ വീണ്ടും റോഡ് കുത്തിപ്പൊളിച്ചു;
കൊച്ചി: നഗരത്തിലെ തകർന്ന റോഡുകൾ സംബന്ധിച്ച് ഹൈക്കോടതി രൂക്ഷ വിമർശനത്തിന് പിന്നാലെ അറ്റകുറ്റപ്പണി നടക്കുന്ന റോഡ് വീണ്ടും വെട്ടിപ്പൊളിച്ച് വാട്ടർ അതോറിട്ടി. വൈറ്റില- തൃപ്പൂണിത്തുറ റോഡാണ് വാട്ടർ അതോറിട്ടി വീണ്ടും കുഴിയെടുത്ത് നശിപ്പിച്ചത്. പി.ഡബ്ല്യു.ഡി ചെയ്തുവന്ന അറ്റകുറ്റപ്പണികളും താത്കാലികമായി നിർത്തി. പവർഹൗസ് ജംഗ്ഷനും സിഗ്നൽ ജംഗ്ഷനുമിടയിൽ സ്ഥാപിച്ച പുതിയ പൈപ്പിൽ അഞ്ചിടങ്ങളിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രവർത്തനങ്ങൾ. പൈപ്പിടൽ ജോലികൾ ഇക്കഴിഞ്ഞ മേയ് 11നാണ് പൂർത്തിയായത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പ്രദേശം ചെളിക്കുളമായി. ഇരുചക്ര- മുച്ചക്ര വാഹനങ്ങൾക്കാണ് ബുദ്ധിമുട്ടേറെയും. ഇന്നലെയും ഇന്നുമായി നിരവധി ഇരുചക്ര വാഹനങ്ങൾ ചെളിയിൽ മറിഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാത്രി ഒൻപത് മുതൽ പുലർച്ചെ ആറുവരെയുള്ള ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്.
പൈപ്പിടൽ ജോലി നടക്കുമ്പോഴും കുന്നറ പാർക്ക് മുതൽ സിഗ്‌നൽ ജംഗ്ഷൻ വരെ രണ്ടരയടി വീതിയിലും മൂന്നടിയിലേറെ താഴ്ചയിലും കുഴികളെടുത്തിരുന്നു. പണി തീർന്ന് രണ്ടു മാസം കഴിഞ്ഞിട്ടും റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും പെരുമഴയത്തെ അറ്റകുറ്റപ്പണികൾ സംബന്ധിച്ചും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
തകർന്ന് തരിപ്പണമായി
തമ്മനം- പുല്ലേപ്പടി റോഡ്
തിരക്കേറെയുള്ള തമ്മനം പുല്ലേപ്പടി റോഡിലെ മേയ് ഫസ്റ്റ് റോഡ് മുതൽ സ്‌റ്റേഡിയം ലിങ്ക് റോഡ് വരെയുള്ള ഭാഗം തകർന്ന് തരിപ്പണമായി. പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിൽ നിന്ന് തമ്മനം ജംഗ്ഷൻ വഴിയും മെയ് ഫസ്റ്റ്, സൗത്ത് ജനത, സ്റ്റേഡിയം ലിങ്ക് റോഡുകളിൽ നിന്നുമുള്ള വാഹനങ്ങൾ ഈ റോഡിലേക്ക് എത്തുന്നതോടെ വൻ ഗതാഗത കുരുക്കാണിവിടെ.
തകർന്ന് കിടന്ന റോഡ് നാളുകൾക്ക് മുൻപ് ടൈൽ വിരിച്ച് പുനർനിർമ്മിച്ചെങ്കിലും വാട്ടർ അതോറിട്ടി പൈപ്പിടാൻ വീണ്ടും പൊളിക്കുകയായിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താനുള്ള 12.80ലക്ഷം രൂപ വാട്ടർ അതോറിട്ടി കെട്ടിവെച്ചിരുന്നുവെന്നാണ് വിവരം. റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തതാണെന്നും അതിനാൽ അത് അവരാണ് പണിയേണ്ടതെന്നുമാണ് നഗരസഭയുടെ വാദം. തങ്ങൾ റോഡ് ഏറ്റെടുത്തിട്ടില്ലെന്ന് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. കെ.ആർ.എഫ്.ബിയാണ് റോഡ് ഏറ്റെടുത്തതെന്നും തങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്താനാകില്ലെന്നുമാണ് പി.ഡബ്ല്യു.ഡി വാദം.
തമ്മനം പുല്ലേപ്പടി റോഡിന്റെ അറ്റകുറ്റപണിയുടെ കാര്യത്തിൽ നഗരസഭയ്ക്ക് ഇനിയൊന്നും ചെയ്യാനില്ല. കളക്ടറും മേയറും ചേർന്ന് വിളിച്ചു ചേർക്കുന്ന യോഗത്തിൽ റോഡിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
അഡ്വ. എം. അനിൽകുമാർ
മേയർ
വൈറ്റിലയിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പൊളിച്ചത്. ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. പണികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ശ്രമിക്കും.
രാഹുൽ മോഹൻ
പി.ഡബ്ല്യു.ഡി എ.ഇ
തൃപ്പൂണിത്തുറ സെക്ഷൻ