കൊച്ചി: മത്സരയോട്ടം നടത്തിയ സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ടി.കെ. വിനോദിന്റെ ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് മൂന്നുമാസത്തേക്ക് റദ്ദാക്കിയത്. മത്സരബുദ്ധിയോടെ ബസ് ഓടിച്ചു, മറ്റ് വാഹനങ്ങൾക്ക് മാർഗതടസമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മേയ് 13ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കലൂരിൽനിന്ന് കാക്കനാട്ടേക്ക് അമിതവേഗത്തിൽ എത്തുകയും മറ്റൊരു ബസിനെ അപകടകരമാംവിധം ഓവർടേക്ക് ചെയ്യുകയുമായിരുന്നു. റോഡിന് കുറുകെ ബസ് നിറുത്തിയിട്ടതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. വിനോദിനോട് ലൈസൻസ് ഹാജരാക്കാൻ മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. പാലിക്കാത്തതോടെയാണ് ലൈസൻസ് റദ്ദാക്കിയത്.