
തൃപ്പൂണിത്തുറ: പേരിൽ ഐശ്വര്യം, കാര്യത്തിൽ വിനാശം. അതാണ് പെരുമ്പളം പഞ്ചായത്തിന്റെ ഐശ്വര്യം എന്ന് പേരുള്ള ജങ്കാറിന്റെ അവസ്ഥ. 2016ൽ 1.26 കോടിരൂപ ചെലവഴിച്ച് നീറ്റിലിറക്കിയ ജങ്കാർ മുങ്ങിപ്പോകാതിരിക്കാൻ മൂന്നുമാസമായി ആളെ നിയോഗിച്ച് കാത്തുസൂക്ഷിക്കുകയാണ് പഞ്ചായത്ത്. പെരുമ്പളം മാർക്കറ്റ് ജെട്ടിക്ക് സമീപം കിടന്ന് തുരുമ്പിക്കുന്ന ഈ യാനം സർക്കാരിന്റെയും പഞ്ചായത്തിന്റെയും കെടുകാര്യസ്ഥതയ്ക്ക് തെളിവാണ്. മാർക്കറ്റ് ജെട്ടി - പാണാവള്ളി റൂട്ടിലായിരുന്നു സർവീസ്.
തുരുമ്പിക്കുന്ന സ്വപ്നം
പുറംലോകം കാണണമെങ്കിൽ ബോട്ടിനെയോ വഞ്ചിയേയോ ആശ്രയിക്കേണ്ട പെരുമ്പളം ദ്വീപുജനതയ്ക്ക് ഉത്സവം പോലെയായിരുന്നു ജങ്കാറിന്റെ വരവ്. അന്നത്തെ അരൂർ എം.എൽ.എ എ.എം ആരിഫിന്റെ ആസ്തിവികസന ഫണ്ടിലെ 1.26 കോടിയാണ് ജങ്കാറിന് മുടക്കിയത്. പെരുമ്പളം - പാണാവള്ളി സർവീസ് 2016 ഫെബ്രുവരിയിൽ അന്നത്തെ തദ്ദേശമന്ത്രി എം.കെ മുനീർ ഉദ്ഘാടനം ചെയ്തു.
തുടക്കത്തിലേ പണിപാളി
നിർമ്മാണപിഴവ് മൂലം പുതിയ ജെട്ടിയിലേക്ക് ജങ്കാറിന് അടുക്കാനായില്ല. അത് ശരിയാക്കാൻ ആറ് മാസമെടുത്തു. ജങ്കാറിന്റെ റാമ്പ് പുതുക്കിപ്പണിതു. തുടർന്നുള്ള കന്നിസർവീസിൽത്തന്നെ പാണാവള്ളി ജെട്ടിയിൽവച്ച് റാമ്പ് പൊട്ടിത്തകർന്നുവീണു. ഭാഗ്യത്തിന് ആളപായമുണ്ടായില്ല.
ജങ്കാറിന്റെ നിർമ്മാണച്ചുമതല കിൻകോയ്ക്കായിരുന്നു. സ്വകാര്യ ഷിപ്പ്‌യാർഡിന് കിൻകോ കരാർ നൽകി. അവർ അത് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന് കൈമാറി.
എല്ലാം തരികിട
നിലവാരമില്ലാത്ത സാമഗ്രികളാണ് ജങ്കാർ നിർമ്മിക്കാൻ ഉപയോഗിച്ചതെന്ന് അന്നേ പരാതികൾ ഉയർന്നു. വാഹനങ്ങൾ കയറുമ്പോൾ വളയുന്ന റാമ്പ് പുതുക്കിപ്പണിയാൻ പഞ്ചായത്ത് ചെലവാക്കിയത് ലക്ഷങ്ങളാണ്. മാസങ്ങൾക്കുള്ളിൽ എൻജിൻ തകരാറായി. ചോർച്ച തുടങ്ങി. അടിത്തട്ടിൽ വെള്ളംകയറിയ വിടവിൽ ഒരുമീറ്ററോളം നീളത്തിൽ കോൺക്രീറ്റ്‌വച്ച് അടച്ച നിലയിലായിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് നൽകിയ 28 ലക്ഷം ഉപയോഗിച്ച് പുതുക്കിയ 'ഐശ്വര്യം' ഉന്തിയും മുടന്തിയും മൂന്നുമാസം മുമ്പുവരെ കഷ്ടിച്ച് സർവീസ് നടത്തി. പിന്നെ വിശ്രമം. ഇനി അറ്റകുറ്റപ്പണിക്ക് 34 ലക്ഷംരൂപ കണ്ടെത്തണം.
വെറുതേ കിടക്കാനും ചെലവ്
മാർക്കറ്റ് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരിക്കുന്ന ഐശ്വര്യത്തിന്റെ ചോർച്ചവെള്ളം ദിവസവും പമ്പ് ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കണം. പരിപാലനത്തിനായി പഞ്ചായത്ത് ഒരാളെ നിയോഗിച്ചിട്ടുണ്ട്. പകരം കിൻകോയുടെ ജങ്കാർ വാടകയ്ക്ക് എടുത്താണ് സർവീസ്. ഇതിന് 14000 രൂപ ദിവസവാടക നൽകണം. എന്നാൽ ടിക്കറ്റ് നിരക്കിൽ പിരിഞ്ഞുകിട്ടുന്നതാകട്ടെ ശരാശരി 8000 രൂപയും. ദിവസം ശരാശരി നഷ്ടം 6000 രൂപ.
പെരുമ്പളം-പൂത്തോട്ട റൂട്ടിലും കിൻകോയുടെ ജങ്കാറാണ് സർവീസ് നടത്തുന്നത്.
ഐശ്യര്യത്തിന്റെ പ്രശ്നങ്ങൾ ഉന്നയിച്ച് വിജിലൻസിനും സർക്കാരിനും നിരവധി പരാതികൾ നൽകിയിട്ടും തുടർനടപടിയൊന്നും ഉണ്ടായില്ല.
എം.എസ്. ദേവരാജ്,
സാമൂഹ്യപ്രവർത്തകൻ.
"ഡ്രൈഡോക്കിംഗ് പിരീഡ് ആയതുകൊണ്ട് ഐശ്യരം ജങ്കാർ ഇപ്പോൾ അറ്റകുറ്റപ്പണി ചെയ്യാനാവില്ല. ഇതിന് കെ.എസ്.ഐ.എൻ.സി യുടെ എസ്റ്റിമേറ്റ് 34 ലക്ഷം രൂപയാണ്. ത്രിതല പഞ്ചായത്ത് ഫണ്ടുകൾകൊണ്ട് അറ്റകുറ്റപ്പണി നടത്താമെന്ന് പ്രതീക്ഷിക്കുന്നു.
അഡ്വ. വി.വി. ആശ,
പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ്.