
കൊച്ചി: ലൈഫ്‌മിഷൻ പദ്ധതിയിൽ ഫ്ളാറ്റ് നിർമ്മിക്കാൻ വിദേശധനസഹായം സ്വീകരിച്ച കേസിൽ തിങ്കളാഴ്ച രാവിലെ 11ന് ചോദ്യംചെയ്യലിന് ഹാജരാകാൻ സ്വപ്‌ന സുരേഷിന് സി.ബി.ഐ ഇൻസ്പെക്ടർ എസ്.എസ്. ചൗഹാൻ നോട്ടീസ് നൽകി.
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഫ്ളാറ്റ് പണിയാൻ യു.എ.ഇ കോൺസുലേറ്റ് വഴി 18.50 കോടിരൂപ റെഡ് ക്രെസന്റ് നൽകിയിരുന്നു. കരാർ തുകയിൽനിന്ന് 4.48 കോടിരൂപ അന്ന് കോൺസൽ ജനറൽ ഓഫീസ് ജീവനക്കാരിയായിരുന്ന സ്വപ്‌നയ്ക്ക് കമ്മിഷനായി നൽകിയെന്ന് കരാറുകാരായ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ മൊഴിനൽകിയിരുന്നു.
ലൈഫ് പദ്ധതിക്ക് സഹായം സ്വീകരിച്ചത് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചാണെന്നും സംഭാവനയായി ലഭിച്ച പണം കമ്മിഷനായി നൽകിയതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് സി.ബി.ഐ കേസെടുത്തത്. സന്തോഷ് ഈപ്പനെ കേസിൽ അറസ്റ്റുചെയ്തിരുന്നു. യു.എ.ഇ കോൺസൽ ഉദ്യോഗസ്ഥനും സ്വപ്നയുടെ കൂട്ടാളിയുമായ പി.എസ്. സരിത്തിനെ നേരത്തെ ചോദ്യംചെയ്തിരുന്നു.