
ആലുവ: ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിൽനിന്ന് സ്വർണവും പണവും തട്ടിയ യുവതി പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് നഹ്‌ലാ മഹലിൽ സുഹറ (37) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഭവത്തിലെ മറ്റൊരു പ്രതിയായ ഹാരിസിന്റെ ഭാര്യയാണ്. കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് സുഹറയെ കുത്തുപറമ്പിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ആലുവ ബാങ്ക് കവലയിൽ സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് അഞ്ചുപേർ എത്തിയത്. അമ്പത് പവനോളം ആഭരണങ്ങളും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. വീട്ടിലെ സി.സി ടിവിയുടെ ഹാർഡ് ഡിസ്‌കും സംഘം കൊണ്ടുപോയിരുന്നു. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, ബെന്നി ഐസക്ക്, മുഹമ്മദ് അമീർ ഹിൽമത്ത്, നൈജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.