നെടുമ്പാശേരി: എടത്തല ഗ്രാമപഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ എം.പി ഫണ്ടിൽ നിന്ന് പണംഅനുവദിച്ച് വർഷം ഒന്നുകഴിഞ്ഞിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്.

വിഷയത്തിൽ ഇടപെട്ട ബെന്നി ബെഹന്നാൻ എം.പി പദ്ധതി അവലോകനത്തിനായി അടിയന്തരയോഗം വിളിക്കാൻ നിർദേശിച്ചു. എൽ.എ.ഡി പദ്ധതിയിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപിക്കലാണ് പഞ്ചായത്തിന്റെ വീഴ്ചയെത്തുടർന്ന് മുടങ്ങിയത്. മൂന്ന്, 11, 15 വാർഡുകളിലായി അഞ്ച് ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ആഗസ്റ്റ് 11നാണ് പദ്ധതി ശുപാർശ ചെയ്‌തത്. നാളിതുവരെ ലൈറ്റുകൾ സ്ഥാപിക്കാത്തതിനെതിരെ സ്ഥലവാസികൾ പലവട്ടം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.

എം.പിയും ഗ്രാമ - ബ്ളോക്ക് പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, എടത്തല ഗ്രാമപഞ്ചായത്ത് എന്നിവരുടെ അനാസ്ഥയാണ് കാരണമെന്നാണ് ആക്ഷേപം. ഇരുസ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമായതിനാൽ രാഷ്ട്രീയപ്രേരിതമായാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.

അടിയന്തരയോഗം

വിളിക്കണമെന്ന് എം.പി

പദ്ധതിക്കായി അടിയന്തരയോഗം വിളിക്കാൻ വാഴക്കുളം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസറോട് ബെന്നി ബെഹന്നാൻ എം.പി ആവശ്യപ്പെട്ടു. 11ന് വൈകിട്ട് മൂന്നിന് എടത്തല ഗ്രാമപഞ്ചായത്ത് ഓഫീസിലാകും യോഗം. ജില്ല, ബ്ലോക്ക്, വാർഡ് അംഗങ്ങൾ, പരാതി ഉന്നയിച്ചവർ, കരാറുകാരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എം.പിയും പങ്കെടുക്കും.