
കൊച്ചി: കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റ് കമ്പനി രൂപീകരണം ചോദ്യംചെയ്‌ത് വിവിധ യൂണിയനുകളും പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. കെ.എസ്.ആർ.ടി.സിയുടെയും സർക്കാരിന്റെയും വിശദീകരണങ്ങൾ കണക്കിലെടുത്താണ് ജസ്റ്റിസ് അമിത് റാവൽ ഹർജികൾ തള്ളിയത്.
മോട്ടോർവാഹന നിയമപ്രകാരം കമ്പനി രൂപീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ളീഡർ പി.എൻ. സന്തോഷ്‌കുമാർ വാദിച്ചു. സർക്കാർ തീരുമാനം പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ ബാധിക്കുന്നതല്ലെന്നും സ്വിഫ്‌റ്റ് കമ്പനി രൂപീകരണം ചോദ്യംചെയ്യാൻ പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന് അവകാശമില്ലെന്നും കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഹാജരായ അഡ്വ. ദീപു തങ്കൻ വിശദീകരിച്ചു. ഈ വാദങ്ങളാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു: മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ടിനെതിരെയുള്ള പ്രചാരണങ്ങൽ വ്യാജമാണെന്നു തെളിഞ്ഞെന്നും സർക്കാർ പറഞ്ഞ കാര്യങ്ങൾ ശരി വെയ്ക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സ്വിഫ്ട് കെ.എസ്.ആർ.ടി.സിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും ഒരു വിഭാഗം ഇതിനെ സ്വകാര്യ വത്കരണമെന്ന് എതിർത്തു.