
പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് ആറാംവാർഡിലെ ആനച്ചാലിൽ 16 ഏക്കറോളം തണ്ണീർത്തടം തരംമാറ്റിയ നടപടി പുനഃപരിശോധിക്കാൻ കളക്ടർ ഉത്തരവിട്ടു. 2008ലെ തണ്ണീർത്തട സംരക്ഷണനിയമം മറികടന്ന് കൃത്രിമരേഖകൾ ചമച്ചായിരുന്നു തരംമാറ്റിയത്. 2021ൽ നൽകിയ അനുമതിയാണ് പുനഃപരിശോധിക്കുക.
വൻകിട കമ്പനിയുടെ ഗോഡൗൺ നിർമ്മാണത്തിനായി ആഴ്ചകൾക്ക് മുമ്പാണ് പകലും രാത്രിയിലുമായി വലിയ വാഹനത്തിൽ മണ്ണിട്ട് നികത്തൽ തുടങ്ങിയത്. അമ്പതിലധികം ലോഡ് ഇറക്കി. തുടർന്ന്, നാട്ടുകാർ തടയുകയും പരിസ്ഥിതി പ്രവർത്തകനായ കെ.സി. വിനോദ്കുമാർ ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. തുടർന്ന് ഭൂമി തരംമാറ്റുന്ന പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും സ്ഥലംഉടമയ്ക്ക് നോട്ടീസ് നൽകി. വില്ലേജ്, കൃഷി ഓഫീസർമാർ സ്ഥലപരിശോധന നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
ഭൂമി തരംമാറ്റി നൽകിയ അനുമതിയിൽ അപാകതകളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. അന്നത്തെ ചില റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അനുമതി നേടിയെടുത്തത്. ഇതിനായി നടത്തിയ സാറ്റലൈറ്റ് സർവേയിലും തിരിമറി കണ്ടെത്തി. ഇത്തരം രേഖകളും റിപ്പോർട്ടുകളും നൽകിയാണ് കോടതിയിൽ നിന്ന് തരംമാറ്റാനുള്ള ഉത്തരവ് ഭൂഉടമ കൈക്കലാക്കിയത്. സ്ഥലപരിശോധന പോലും നടത്താതെ ഉന്നത ഉദ്യോഗസ്ഥരടക്കം ഇതിന് കൂട്ടുനിന്നെന്നാണ് വിവരം. പുനരന്വേഷണം കൃത്യമായാൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിവരും.
താലൂക്ക് വികസന സമിതിയോഗത്തിലും തണ്ണീർതടം നികത്തൽ സജീവ ചർച്ചയായി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടസ്ഥാനത്തിൽ തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് അന്വേഷണം അംഭിച്ചത്.
കളക്‌ടറെ നേരിട്ട് കാണും
തണ്ണീർത്തടം നികത്തുന്നപ്രദേശം ജില്ലാ ആസൂത്രണസമിതി അംഗം എ.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഏക്കർ കണക്കിന് പ്രദേശം കണ്ടൽകാടുകളാണ്. ഇത് നികത്താൻ നിയമങ്ങളും അനുവദിക്കുന്നില്ല. കളക്ടറെ നേരിട്ടുകണ്ട് വിഷയം അവതരിപ്പിക്കും. അടുത്ത താലൂക്ക് സമിതിയോഗത്തിൽ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവരെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടുന്നതിനുള്ള നടപടികളെടുക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ പറഞ്ഞു.