
തൃക്കാക്കര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ കളക്‌ടറേറ്റിൽ സംഘടിപ്പിച്ച തൊഴിൽമേള മുന്നൊരുക്കങ്ങളിലെ അഭാവംമൂലം പാളിയതോടെ ഉദ്യോഗാർത്ഥികളും മാതാപിതാക്കളും ജീവനക്കാരും ഉൾപ്പെടെ ആയിരങ്ങൾ വലഞ്ഞു.
രാവിലെ ആറരമുതൽ ജില്ലയുടെ ഉൾപ്രദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധിപേർ മേളയ്ക്കെത്തി. പത്തോടെ കളക്ടറേറ്റിന്റെ പ്രധാനകവാടം അടക്കം ഉദ്യോഗാർത്ഥികളാൽ നിറഞ്ഞു. മേള സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ വാഹനങ്ങൾ കളക്ടറേറ്റിലേക്ക് കടക്കാൻ മണിക്കൂറുകൾ വൈകി. ജീവനക്കാർക്ക് ഓഫീസിലേക്ക് കയറാനാവാതെയും വന്നു.
സ്ഥിതി കൈവിട്ടുപോകുമെന്നായതോടെ എംപ്ലോയബിലിറ്റി സെന്ററിലേക്കും നഗരസഭാ കമ്മ്യൂണിറ്റി ഹാളിലേക്കും ഉദ്യോഗാർത്ഥികളെ മാറ്റി. കളക്ടറോടും എ.ഡി.എമ്മിനോടും ചിലർ ഫോണിലൂടെ പരാതിപ്പെട്ടു. തയ്യാറെടുപ്പില്ലാതെ തൊഴിൽമേള സംഘടിപ്പിച്ചതിന് ജില്ലാ എംപ്ലോയ്മെന്റ് വിഭാഗത്തോട് വിശിദീകരണം ചോദിച്ചേക്കും.
നാന്നൂറിലധികം ഒഴിവുകളിലേക്ക് അഭിമുഖം
ബി.സി.എ, എം.ബി.എ (എച്ച്.ആർ., മാർക്കറ്റിംഗ്), ബി.എസ്‌സി നഴ്സിംഗ്, ബി.ഫാം, ഡി.ഫാം, ഗ്രാഫിക് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, എസ്.എസ്.എൽ.സി., പ്ലസ്ടു തുടങ്ങിയ യോഗ്യതയുള്ളവർക്കായി 400ലേറെ ഒഴിവുകളിലേക്കായിരുന്നു തൊഴിൽമേള.
ഹോസ്‌പിറ്റാലിറ്റി, ഇൻഷ്വറൻസ്, സെയിൽസ്, മാർക്കറ്റിംഗ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയരംഗത്തെ കമ്പനികളാണ് അഭിമുഖം നടത്തിയത്.
സർക്കാർ ജോലിയെന്ന് തെറ്റിദ്ധരിച്ചു!
ഉദ്യോഗാർത്ഥികൾ പലരും കരുതിയത് അഭിമുഖം സർക്കാർ ജോലിക്കെന്നായിരുന്നു. കളക്ടറേറ്റിലെത്തി മണിക്കൂറുകൾ കാത്തിരുന്ന് ഒടുവിലാണ് സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് ഒഴിവെന്ന് അറിഞ്ഞത്. ജില്ലാ എംപ്ലോയ്മെന്റ് വിഭാഗത്തിന്റെ അറിയിപ്പുകളിലെ അപാകതയാണ് വലച്ചതെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. 250 രൂപ രജിസ്ട്രേഷൻ ഫീസുള്ളതായും പലരും അറിഞ്ഞിരുന്നില്ല.