kerala-high-court

കൊച്ചി: കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിലെ ടെക്‌നിക്കൽ അംഗത്തിന്റെ നിയമനത്തിനായി തയ്യാറാക്കിയ 28പേരുടെ ചുരുക്കപ്പട്ടികയിൽനിന്ന് നിയമനനടപടി വീണ്ടും നടത്താൻ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. നിയമന നടപടികൾ ചോദ്യംചെയ്തുള്ള ഹർജികൾ തള്ളിയ സിംഗിൾബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി.

കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ, അപേക്ഷകനായിരുന്ന കൊച്ചി സ്വദേശി ജോർജ് തോമസ് എന്നിവർ നൽകിയ അപ്പീലും മറ്റൊരു അപേക്ഷകനായിരുന്ന കെ.എം. ധാരേശൻ ഉണ്ണിത്താൻ നൽകിയ ഹർജിയുമാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. കമ്മിഷനിലെ ടെക്‌നിക്കൽ അംഗത്തിന്റെ നിയമനത്തിനായി 95 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇവരിൽനിന്ന് 28പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാൻ സെലക്ഷൻകമ്മിറ്റി സ്വീകരിച്ച മാനദണ്ഡങ്ങൾ നിയമപരമായിരുന്നു. എന്നാൽ ഇവരിൽനിന്ന് 17 പേരെ കണ്ടെത്തിയതിലെ നടപടിക്രമങ്ങൾ അവ്യക്തമാണെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. അപേക്ഷകർക്ക് നേരത്തെയുള്ള പദവിയിലെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഹാജരാക്കാൻ ന്യായമായ സമയം അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് 17പേരെ കണ്ടെത്തിയ നടപടി റദ്ദാക്കിയത്.