പള്ളുരുത്തി: നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പെരുമ്പടപ്പ് റോഡിൽ കാനയ്ക്ക് മുകളിൽ സ്ളാബ് ഇല്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കൗൺസിലർ ഇടപെട്ട് സ്ളാബ് ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുൻവശത്താണ് സ്ളാബ് ഇല്ലാത്തത്. ഇതുമൂലം ടൂവീലർ യാത്രക്കാാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ഇതിനകം പത്തോളം ഇരുച്ചക്ര വാഹന യാത്രക്കാർ കാനയിൽ വീണിട്ടുണ്ട്.രണ്ട് വാഹനങ്ങൾ ഒരേസമയം വരുമ്പോൾ കുമ്പളങ്ങി ഭാഗത്തേക്ക് പോകുന്ന ടൂ വീലർ യാത്രക്കാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡിന് വീതി ഇല്ലാത്തതും അപകടത്തിന് വഴിതെളിക്കുന്നു. റോഡിന് വീതി കൂട്ടാൻ അളവെടുത്ത് പോയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും നാളിതുവരെ നടപടിയായിട്ടില്ല. പെരുമ്പടപ്പ് റോഡ് വികസനത്തിന് വർഷങ്ങൾക്കു മുൻപേ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി പാസാക്കിയതാണ്. എന്നാൽ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. പെരുമ്പടപ്പ്, കുമ്പളങ്ങി എന്നിവ കൂടാതെ എഴുപുന്ന പാലം വഴി ആലപ്പുഴയിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. രണ്ട് സ്വകാര്യ ബസുകൾ ഒരേ സമയം എതിർ ദിശയിൽ വന്നാൽ വൻ ഗതാഗതക്കുരുക്കും ഈ ഭാഗത്ത് രൂപപ്പെടുന്നു. കൊവേന്ത ജംഗ്ഷനിലും കുമ്പളങ്ങി വഴിയിലുമൊക്കെയായി സ്കൂളുകളും ആരാധനാലയങ്ങളും നിരവധി കച്ചവട സ്ഥാപനങ്ങളും അടക്കം പ്രവർത്തിക്കുന്ന മേഖലയാണിത്.പെരുമ്പടപ്പിൽ സ്വകാര്യ ബസ് സ്റ്റാൻഡ് ഇല്ലാത്തത് കാരണമുള്ള അനധികൃത പാർക്കിംഗും അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.