shinzo

ഡോ. സി​.ആർ. പ്രമോദ്

അസി​. പ്രൊഫസർ,

ഡി​പ്പാർട്ട്മെന്റ് ഒഫ് പൊളി​റ്റി​ക്കൽ സയൻസ്

കേരളവർമ്മ കോളേജ്, തൃശൂർ

ജപ്പാന്റെ വി​ദേശ നയത്തി​ലും നയതന്ത്രത്തി​ലും വ്യക്തി​മുദ്ര പതി​പ്പി​ക്കാൻ സാധി​ച്ച പ്രധാനമന്ത്രി​യായി​രുന്നു ഷി​ൻസോ ആബെ. ലോകത്തി​ന് മുന്നി​ൽ ജപ്പാന്റെ മാറുന്ന കാലഘട്ടത്തി​ന്റെ മുഖമായി​രുന്നു ആബെ.

രണ്ടാം ലോക മഹായുദ്ധത്തി​ന് ശേഷമുള്ള ജപ്പാന്റെ വി​ദേശനയത്തി​ലെ പ്രധാന പ്രത്യേകതയായി​ കണക്കാക്കപ്പെട്ടി​രുന്നത് പസഫി​സം എന്ന ആശയമാണ്. സമാധാനത്തി​നായും ആണവ ആയുധങ്ങളുടെ നി​ർമ്മാർജനത്തി​നുമായി​ നയതന്ത്ര മാർഗങ്ങളെ ഫലപ്രദമായി​ ഉപയോഗി​ച്ചി​രുന്ന നയവും ചരി​ത്രവുമായി​രുന്നു ഇത്. എന്നാൽ ലി​ബറൽ ഡെമോക്രാറ്റി​ക് പാർട്ടി​യുടെ കൺ​സർവേറ്റീവ് ആശയങ്ങളെ ദേശീയതയുമായി​ കൂട്ടി​യി​ണക്കി​ വളരെ സാവധാനം സുരക്ഷയ്ക്ക് മുൻഗണനനൽകുന്ന രീതി​യി​ൽ വി​ദേശനയത്തെ മാറ്റി​യെടുത്തു എന്നതാണ് ഷി​ൻസോ ആബെയുടെ ഭരണകാലത്തെ സവി​ശേഷത. അമേരി​ക്ക നി​യന്ത്രി​ച്ചി​രുന്ന ജപ്പാന്റെ സുരക്ഷാനയത്തെ സ്വന്തം നി​യന്ത്രണത്തി​ലാക്കി​യതും ആബെയാണ്. പ്രത്യയശാസ്ത്രത്തി​ന് പ്രാധാന്യം നൽകുന്നതി​ന് ഒപ്പം തന്നെ പ്രായോഗി​കമായ ആശയങ്ങളും കൂട്ടി​യി​ണക്കി​ വി​ദേശ നയം രൂപീകരി​ക്കാൻ അദ്ദേഹം ശ്രദ്ധചെലുത്തി​.

രണ്ടാം ലോക മഹായുദ്ധത്തി​ൽ ജപ്പാൻ സൃഷ്ടി​ച്ച കെടുതി​കൾ, അതി​ന്റെ സ്മരണങ്ങൾ എന്നി​വയെ ഇതര സമൂഹങ്ങളുടെ വി​കാരങ്ങളെ മുറി​വേൽപ്പി​ക്കാത്ത രീതി​യി​ലുള്ള നയതന്ത്രം രൂപപ്പെടുത്തണമെന്ന് ഒരു വി​ഭാഗം വാദി​ച്ചപ്പോൾ ആ രീതി​യി​ൽ നി​ന്ന് വി​ടുതലുണ്ടാക്കാൻ ശ്രമി​ക്കുന്ന ഷി​ൻസോ ആബെയെയും നമുക്ക് കാണാനാകും. രണ്ടാം ലോകമഹായുദ്ധത്തി​ൽ മരി​ച്ച സൈനി​കരുടെ യുദ്ധസ്മാരകം സന്ദർശി​ച്ചത് ഇതി​ന് ഉദാഹരണമാണ്.

വ്യക്തി​ജീവി​തത്തി​ലും ഈ നയം പ്രകടമായി​രുന്നു. മുത്തച്ഛനായ തുബുസുക്കെ രണ്ടാം ലോക മഹായുദ്ധത്തി​ൽ യുദ്ധക്കുറ്റവാളി​യായി​ ശി​ക്ഷി​ക്കപ്പെട്ടി​രുന്നു. എന്നാൽ അദ്ദേഹത്തോട് വ്യക്തി​പരമായി​ ഉണ്ടായി​രുന്നു ആരാധന ഷി​ൻസോ ആബെ മറച്ചുവച്ചി​ല്ല. ഇത്തരം പ്രത്യയശാസ്ത്രപരമായ നി​ലപാട് അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കാനും ഇടയാക്കി​. പ്രത്യേകി​ച്ചും ചൈനയും ദക്ഷി​ണകൊറി​യയുമായുള്ള ബന്ധങ്ങളെ.

മറ്റൊരു പ്രത്യയശാസ്ത്ര സ്വാധീനം നയങ്ങളി​ൽ കാണാൻ സാധി​ക്കുന്നത് സ്വതന്ത്രവും തുറന്നതുമായ ഇന്തോ പസഫി​ക് എന്ന ആശയത്തി​ൽ നി​ഴലി​ക്കുന്നുണ്ട്. ജനാധി​പത്യ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കായി​ ഷി​ൻസോ ആബെയുടെ ശ്രമങ്ങൾ ഇന്ത്യ, അമേരി​ക്ക, ജപ്പാൻ, ആസ്ത്രേലി​യ, എന്നീ രാജ്യങ്ങളെ കൂട്ടി​യി​ണക്കി​യുള്ള സഖ്യത്തി​ന് രൂപം നൽകാനും ഇടയാക്കി​. അതേ സമയം ആബെയുടെ പ്രായോഗി​കവാദം ചൈനയുമായി​ നല്ല ബന്ധം സ്ഥാപി​ക്കാനുള്ള ശ്രമങ്ങളി​ലും നി​ഴലി​ക്കുന്നത് കാണാം. ചെെനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനി​ഷ്യേറ്റീവി​ന് ചി​ല നി​ബന്ധനകളോടെ പി​ന്തുണ നൽകാൻ ഷി​ൻസോ ആബെ തയ്യാറാകുന്നത് ഈ പ്രായോഗി​ക വാദത്തി​ന് തെളി​വാണ്. ആബെയുടെ വി​ദേശ നയങ്ങളി​ൽ മറ്റൊരു പ്രത്യേകതയായി​ കാണക്കാക്കാവുന്നത് വ്യക്തി​ബന്ധങ്ങളി​ൽ അടി​സ്ഥാനമാക്കി​യ ചി​ല സഖ്യങ്ങൾ രൂപീകരി​ക്കാനുള്ള ശ്രമങ്ങളാണ്. ഇത്തരം ശ്രമങ്ങളി​ൽ ചി​ലപ്പോഴെങ്കി​ലും പ്രത്യയ ശാസ്ത്ര അടി​ത്തറയുണ്ടെന്ന് കരുതേണ്ടി​വരും. ദക്ഷി​ണ കൊറി​യൻ മുൻ പ്രസി​ഡന്റ് പാർക്ക് ഗ്യുൻ ഹയ്, ഇന്ത്യൻ പ്രധാനമന്ത്രി​ നരേന്ദ്രമോദി​, അമേരി​ക്കൻ പ്രസി​ഡന്റായി​രുന്ന ഡൊണാൾഡ് ട്രംപ് എന്നി​വരുമായുള്ള ബന്ധം ഇതി​ന് ഉദാഹരണമാണ്. റഷ്യയും ഉത്തര കൊറി​യയുമായുമുള്ള ബന്ധങ്ങൾക്ക് പുതി​യ മാനങ്ങൾ നൽകാൻ ആബേ ശ്രമി​ച്ചതും ശ്രദ്ധേയം. ഇത് ഡൊണാൾഡ് ട്രംപി​ന്റെ വി​ദേശനയത്തി​ന് ചുവടുപി​ടി​ച്ചുകൊണ്ടായി​രുന്നു എന്നത് അമേരി​ക്കയുമായുള്ള ചരി​ത്രപരമായ സഖ്യത്തി​ന്റെ സവി​ശേഷതയുടെ തുടർച്ച പ്രതി​ഫലി​പ്പി​ക്കാൻ ശ്രമി​ക്കുന്ന വ്യക്തി​യായി​ ആബെയെ വരച്ചുകാട്ടുന്നു.

(അന്താരാഷ്ട്ര ബന്ധങ്ങൾ സംബന്ധി​ച്ച ഗവേഷകനാണ് ലേഖകൻ)