
ജപ്പാന്റെ വിദേശ നയത്തിലും നയതന്ത്രത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ. ലോകത്തിന് മുന്നിൽ ജപ്പാന്റെ മാറുന്ന കാലഘട്ടത്തിന്റെ മുഖമായിരുന്നു ആബെ.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ വിദേശനയത്തിലെ പ്രധാന പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്നത് പസഫിസം എന്ന ആശയമാണ്. സമാധാനത്തിനായും ആണവ ആയുധങ്ങളുടെ നിർമ്മാർജനത്തിനുമായി നയതന്ത്ര മാർഗങ്ങളെ ഫലപ്രദമായി ഉപയോഗിച്ചിരുന്ന നയവും ചരിത്രവുമായിരുന്നു ഇത്. എന്നാൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കൺസർവേറ്റീവ് ആശയങ്ങളെ ദേശീയതയുമായി കൂട്ടിയിണക്കി വളരെ സാവധാനം സുരക്ഷയ്ക്ക് മുൻഗണനനൽകുന്ന രീതിയിൽ വിദേശനയത്തെ മാറ്റിയെടുത്തു എന്നതാണ് ഷിൻസോ ആബെയുടെ ഭരണകാലത്തെ സവിശേഷത. അമേരിക്ക നിയന്ത്രിച്ചിരുന്ന ജപ്പാന്റെ സുരക്ഷാനയത്തെ സ്വന്തം നിയന്ത്രണത്തിലാക്കിയതും ആബെയാണ്. പ്രത്യയശാസ്ത്രത്തിന് പ്രാധാന്യം നൽകുന്നതിന് ഒപ്പം തന്നെ പ്രായോഗികമായ ആശയങ്ങളും കൂട്ടിയിണക്കി വിദേശ നയം രൂപീകരിക്കാൻ അദ്ദേഹം ശ്രദ്ധചെലുത്തി.
രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ സൃഷ്ടിച്ച കെടുതികൾ, അതിന്റെ സ്മരണങ്ങൾ എന്നിവയെ ഇതര സമൂഹങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിക്കാത്ത രീതിയിലുള്ള നയതന്ത്രം രൂപപ്പെടുത്തണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ആ രീതിയിൽ നിന്ന് വിടുതലുണ്ടാക്കാൻ ശ്രമിക്കുന്ന ഷിൻസോ ആബെയെയും നമുക്ക് കാണാനാകും. രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച സൈനികരുടെ യുദ്ധസ്മാരകം സന്ദർശിച്ചത് ഇതിന് ഉദാഹരണമാണ്.
വ്യക്തിജീവിതത്തിലും ഈ നയം പ്രകടമായിരുന്നു. മുത്തച്ഛനായ തുബുസുക്കെ രണ്ടാം ലോക മഹായുദ്ധത്തിൽ യുദ്ധക്കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തോട് വ്യക്തിപരമായി ഉണ്ടായിരുന്നു ആരാധന ഷിൻസോ ആബെ മറച്ചുവച്ചില്ല. ഇത്തരം പ്രത്യയശാസ്ത്രപരമായ നിലപാട് അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കാനും ഇടയാക്കി. പ്രത്യേകിച്ചും ചൈനയും ദക്ഷിണകൊറിയയുമായുള്ള ബന്ധങ്ങളെ.
മറ്റൊരു പ്രത്യയശാസ്ത്ര സ്വാധീനം നയങ്ങളിൽ കാണാൻ സാധിക്കുന്നത് സ്വതന്ത്രവും തുറന്നതുമായ ഇന്തോ പസഫിക് എന്ന ആശയത്തിൽ നിഴലിക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കായി ഷിൻസോ ആബെയുടെ ശ്രമങ്ങൾ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ, എന്നീ രാജ്യങ്ങളെ കൂട്ടിയിണക്കിയുള്ള സഖ്യത്തിന് രൂപം നൽകാനും ഇടയാക്കി. അതേ സമയം ആബെയുടെ പ്രായോഗികവാദം ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലും നിഴലിക്കുന്നത് കാണാം. ചെെനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് ചില നിബന്ധനകളോടെ പിന്തുണ നൽകാൻ ഷിൻസോ ആബെ തയ്യാറാകുന്നത് ഈ പ്രായോഗിക വാദത്തിന് തെളിവാണ്. ആബെയുടെ വിദേശ നയങ്ങളിൽ മറ്റൊരു പ്രത്യേകതയായി കാണക്കാക്കാവുന്നത് വ്യക്തിബന്ധങ്ങളിൽ അടിസ്ഥാനമാക്കിയ ചില സഖ്യങ്ങൾ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ്. ഇത്തരം ശ്രമങ്ങളിൽ ചിലപ്പോഴെങ്കിലും പ്രത്യയ ശാസ്ത്ര അടിത്തറയുണ്ടെന്ന് കരുതേണ്ടിവരും. ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് പാർക്ക് ഗ്യുൻ ഹയ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് എന്നിവരുമായുള്ള ബന്ധം ഇതിന് ഉദാഹരണമാണ്. റഷ്യയും ഉത്തര കൊറിയയുമായുമുള്ള ബന്ധങ്ങൾക്ക് പുതിയ മാനങ്ങൾ നൽകാൻ ആബേ ശ്രമിച്ചതും ശ്രദ്ധേയം. ഇത് ഡൊണാൾഡ് ട്രംപിന്റെ വിദേശനയത്തിന് ചുവടുപിടിച്ചുകൊണ്ടായിരുന്നു എന്നത് അമേരിക്കയുമായുള്ള ചരിത്രപരമായ സഖ്യത്തിന്റെ സവിശേഷതയുടെ തുടർച്ച പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തിയായി ആബെയെ വരച്ചുകാട്ടുന്നു.
(അന്താരാഷ്ട്ര ബന്ധങ്ങൾ സംബന്ധിച്ച ഗവേഷകനാണ് ലേഖകൻ)