തോപ്പുംപടി: പശ്ചിമകൊച്ചി മേഖലയിൽ നടപ്പാതകളിലും വഴിയോരങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നിർദേശം. സബ് ഡിവിഷൻ പരിധിയിലെ ഗതാഗത ക്രമീകരണങ്ങളും പരിഷ്കാരങ്ങളും ആലോചിക്കുന്നതിനായി സബ് കളക്ടർ വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശമുയർന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കും. ടൂറിസ്റ്റ് കേന്ദ്രമായ ഫോർട്ടുകൊച്ചി മേഖലയിലെത്തുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലായിരിക്കും പുതിയ ക്രമീകരണങ്ങൾ.
സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിൽ നോ -ട്രാഫിക് സോണുകൾ നിശ്ചയിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ നീക്കം ചെയ്യും. വാഹനഗതാഗതം നിയന്ത്രിക്കേണ്ട മേഖലകളിൽ വൺവേ സംവിധാനങ്ങളും നടപ്പാക്കും. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ അടുത്തആഴ്ച ചേരുന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ ചർച്ചചെയ്ത ശേഷമായിരിക്കും നടപ്പാക്കുന്നത്. അസി.കമ്മീഷ്ണർ വി.ജി. രവീന്ദ്രനാഥ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.