പെരുമ്പാവൂർ: അദ്ധ്യാപകൻ, പ്രധാന അദ്ധ്യാപകൻ, ഭരണാധികാരി, സംഘാടകൻ, വാഗ്മി, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലൂടെ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും മനസിൽ എം.കെ. വിശ്വനാഥൻ മാസ്റ്റർ നിറഞ്ഞുനിൽക്കുന്നു. സാമൂഹത്തിനായും പിന്നാക്ക വിഭാഗത്തിനുമായി ഉഴിഞ്ഞുവച്ച മാസ്റ്ററുടെ ജീവിതം പുതു തലമുറയ്ക്ക് പാഠപുസ്തമാണ്.
തികഞ്ഞഗുരുദേവഭക്തനായിരുന്ന മാസ്റ്റർ 10 വർഷത്തോളം പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി.ശാഖയുടെ പ്രസിഡന്റായിരുന്നു. കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന മാസ്റ്റർ 12 വർഷത്തോളം തന്ത്രസ്ഥാനത്തിരുന്ന് സജീവപ്രവർത്തനം നടത്തി. എൻജിനിയറിംഗ് കോളേജ് സ്ഥാപിക്കുക എന്നത് മാഷിന്റെ ആശയമായിരുന്നു. തുടർന്ന് 2013 മുതൽ 2016 വരെ 3 വർഷക്കാലം ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
ക്രിമീലെയർ മാനദണ്ഡം നിശ്ചയിക്കാൻ രൂപീകൃതമായ വിവിധ കമ്മിഷനുകൾക്ക് മുമ്പിൽ ശ്രീ നാരായണ സാംസ്കാരിക സമിതിയെ പ്രതിനിധീകരിച്ച് മാസ്റ്റർ ഹാജരായി വിവരങ്ങളും രേഖകളും നൽകി. വാദമുഖങ്ങൾ കമ്മിഷൻ അംഗീകരിച്ച് നടപ്പാലാക്കിയതോടെ മാസ്റ്ററുടെ പോരാട്ടങ്ങളും വിജയത്തിലേക്കെത്തി.
മാനദണ്ഡങ്ങൾ പുതുക്കുന്നതിന് നിയമിതനായ ജസ്റ്റിസ് രാജൻ ബാബു കമ്മിഷന് മുമ്പിലും തെളിവുകൾ സമർപ്പിച്ചു. ശ്രീ നാരായണ ഗുരു, ഡോ. അംബേദ്കർ എന്നിവരുടെ ദർശനങ്ങ, പ്രവർത്തനം എന്നിവയെ അടിസ്ഥാനമാക്കി അനേകം വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.