കൊച്ചി: പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി ജില്ലയിലും ഉന്നതർക്കടക്കം സ്ഥാനചലനം. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസ്, എറണാകുളം റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്ക് എന്നിവർക്കും നാല് ഡിവൈ.എസ്.പിമാർക്കുമാണ് സ്ഥലംമാറ്റം.

അടുത്തിടെ ഡി.സി.പിയായി ചുമതലയേറ്റ വി.യു. കുര്യാക്കോസ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലംമാറിപ്പോകുന്നത്. ഇടുക്കി എസ്.പിയായിരുന്ന ആർ. കറുപ്പുസ്വാമിയാണ് പുതിയ ഡി.സി.പി.

കെ. കാർത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവിയാകും. കെ.പി.എ ബെറ്റാലിയൻ അഞ്ച് കമാൻഡന്റായ വിവേക് കുമാറാണ് പകരമെത്തുന്നത്. കൊച്ചി സിറ്റിയിലെ അടുത്തിടെ നടന്ന മോഷണ പരമ്പരകൾക്ക് പിന്നിലെ പ്രതികളെ പിടികൂടിയതടക്കം സുപ്രധാന കേസുകളുടെ നേതൃത്വം വി.യു. കുര്യാക്കോസിനായിരുന്നു. ഇടുക്കി ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് കൊച്ചിയിലേക്ക് സ്ഥലംമാറിയെത്തിയത്. നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത്, മാനസ വധക്കേസ്, ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം, മോഫിയ പർവീണിന്റെ ആത്മഹത്യ തുടങ്ങിയ നിരവധി കേസുകളുടെ അന്വേഷണത്തിന് ചുക്കാൻപിടിച്ചത് കാർത്തിക്കായിരുന്നു.

എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. ജിജിമോൻ, എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു കെ. സ്റ്റീഫൻ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ എറണാകുളം യൂണിറ്റ് ഡിവൈ.എസ്.പി മധുബാബു, എറണാകുളം ഇക്കണോമിക് ഒഫൻസ് വിംഗ് ഡിവൈ.എസ്.പി എം.കെ. മുരളി എന്നിവർക്കും സ്ഥലംമാറ്റമുണ്ട്.

എറണാകുളം റൂറൽ അഡ്മിനിട്രേഷൻ അഡിഷണൽ എസ്.പിയായി സ്ഥാനക്കയറ്റത്തോടെയാണ് കെ.എം. ജിജിമോന് സ്ഥലംമാറ്റം. ബൈജു.കെ. സ്റ്റീഫനും സ്ഥാനക്കയറ്റമാണ്. തൃശൂർ അഡിമിനിസ്ട്രേഷൻ അഡിഷണൽ എസ്.പിയായാണ് നിയമനം. മധുബാബുവിനെ തൊടുപുഴ സബ് ഡിവിഷൻ ഡിവൈ.എസ്.പിയായും എം.കെ. മുരളിയെ മുനമ്പം സബ് ഡിവിഷൻ ഡിവൈ.എസ്.പിയായുമാണ് മാറ്റിയത്.