ആലുവ: ദേവസ്വം ബോർഡിനെ അറിയിക്കാതെ ആലുവ മണപ്പുറത്തെ കർക്കടകവാവ് ബലിതർപ്പണത്തിന്റെ ഒരുക്കങ്ങൾക്കായി ജില്ലാ കളക്ടർ യോഗം വിളിച്ചത് കാര്യമാക്കാതെ ദേവസ്വം ബോർഡ് സ്വന്തം നിലയിൽ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ബലഭദ്ര ഹാളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് എ.അനന്തഗോപന്റെ അദ്ധ്യക്ഷതയിലാണ് യോഗം.
നഗരസഭ, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, പി.ഡബ്ളിയു.ഡി തുടങ്ങി വിവിധ വകുപ്പ് മേധാവികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചിനാണ് സമാനമായ ആവശ്യത്തിന് ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ട ദേവസ്വം ബോർഡിനെ അറിയിക്കാതെ ജില്ലാ കളക്ടർ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചത്. യോഗത്തിൽ പങ്കെടുത്തവർ ദേവസ്വം ബോർഡിനെ അറിയിക്കാത്തതിലെ വീഴ്ച്ച ചൂണ്ടികാട്ടിയപ്പോൾ 15നകം മറ്റൊരു യോഗം കൂടി വിളിക്കാമെന്നും കളക്ടർ മറുപടി നൽകിയിരുന്നു. എന്നാൽ ഇതിന് കാക്കാതെയാണ് ദേവസ്വം ബോർഡ് നേരിട്ട് യോഗം വിളിക്കുന്നത്.
കഴിഞ്ഞ എട്ടിന് 'കളക്ടറുടെ യോഗത്തിൽ ദേവസ്വം ബോർഡില്ല' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് വിഷയം ദേവസ്വം പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കർക്കടകവാവ് ബലിതർപ്പണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ദേവസ്വം ബോർഡിനെ അറിയിക്കാതെ യോഗം ചേർന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ 'കേരളകൗമുദി'യോട് പറഞ്ഞു. ഇത്തരത്തിൽ യോഗം ചേരാൻ ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവരാത്രി കഴിഞ്ഞാൽ ആലുവ മണപ്പുറത്ത് ഏറ്റവും അധികം ഭക്തരെത്തുന്നത് കർക്കടകവാവ് ബലിതർപ്പണത്തിനാണ്.
15 കാമറകൾ സ്ഥാപിച്ചു
മണപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 15 സി.സി ടിവി കാമറകൾ സ്ഥാപിച്ചു. കടവുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രവേശനകവാടം മനോഹരമാക്കുന്നതിന്റെ ഭാഗമായി സ്പോൺസർഷിപ്പിൽ ആർച്ച് നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ആർച്ച് നിർമ്മാണം കർക്കടകവാവിന് മുമ്പ് പൂർത്തീകരിക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.