കൊച്ചി: കൊച്ചിയിലെ റോഡുകൾ സ്ഥിരമായി പൊട്ടിപ്പൊളിയാൻ കാരണം ഭൂപ്രകൃതിയെ മറന്നുള്ള നിർമ്മാണം. പ്രശ്നപരിഹാരത്തിന് രണ്ട് പതിറ്റാണ്ട് മുമ്പ് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പദ്ധതി ജലരേഖയായി.
ഉറപ്പില്ലാത്തതും ചെളിനിറഞ്ഞതുമായ അടിമണ്ണ്, ഉയർന്ന ഭൂജലവിതാനം, വെള്ളം ഒഴുകിപ്പോകാൻ ആവശ്യത്തിന് ചെരിവ് ഇല്ലാത്തത്, ക്രമാതീതമായ വാഹനത്തിരക്ക് എന്നിവയാണ് മഴക്കാലത്ത് കൊച്ചിയിലെ റോഡുകൾ തകരുന്നതിന് കാരണങ്ങൾ. രണ്ടരപ്പതിറ്റാണ്ടു മുമ്പ് ഇന്ത്യൻ റോഡ് കോൺഗ്രസ് എൻജിനിയേഴ്സിന്റെ ഉപദേശ പ്രകാരം നഗരത്തിൽ സ്ഥിരം കേടാകുന്ന റോഡുകളെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ പുനരുദ്ധീകരിക്കാൻ ശ്രമം നടന്നിരുന്നു. കുറഞ്ഞത് 50 വർഷത്തേയ്ക്ക് കേടുപാടുകൾ ഇല്ലാതെ നിലനിൽക്കാൻ ഉതകുംവിധം ആർ.സി.സി റോഡുകൾ നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റുകൾ തയാറാക്കുകയും ചെയ്തു. പക്ഷേ ആവശ്യമായ ഫണ്ട് ലഭ്യമല്ലെന്ന് പറഞ്ഞ് പ്രോജക്ട് ഉപേക്ഷിച്ചു.
കാൽനൂറ്റാണ്ട് മുമ്പ് തേവര റെയിൽവേ ബ്രിഡ്ജിന് അടിയിൽ, സ്ഥിരമായി വെള്ളം കെട്ടി റോഡിലെ ടാറിംഗ് നിരന്തരം കേടാകുന്നത് ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ആർ.സി.സി. റോഡ് ദീർഘകാലം കേടുപാടുകളില്ലാതെ നിലനിന്നിരുന്നു.
 പരിഹാരമാർഗം
മുപ്പത് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാരിന്റെ പണം ഉപയോഗിച്ച് എം.ജി റോഡ് ഒന്നര അടിയോളം കനത്തിൽ മെറ്റലിട്ട് ഉയർത്തി ടാർ ചെയ്തതിന് സമാനമായി, മഴക്കാലത്ത് കേടാകുന്ന എല്ലാ റോഡുകളും ബലപ്പെടുത്തി ഉയർത്തി നിർമ്മിക്കണം. കോണ്ടൂർ സർവേ നടത്തി കൊച്ചിയിലെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യംവിധം റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് റോഡുകളും നിർമ്മിക്കാം.
 ആർ.സി.സി റോഡ് നിർദേശം ഉപേക്ഷിച്ചതിന് പിന്നിൽ സ്വാർത്ഥ താത്പര്യങ്ങളുമുണ്ട്. കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചുമാത്രം പദ്ധതി സാധ്യമാകില്ല. കേന്ദ്ര സർക്കാർ കൊച്ചിയുടെ വികസനത്തിന് അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ചും റോഡുകൾ ബലപ്പെടുത്താം.
ഡി. ബാബുരാജ്
റിട്ട. ചീഫ് എൻജിനിയർ