
കൊച്ചി: മലയാള സിനിമയുടെ റിലീസ് പെരുമഴയിലും തിയേറ്ററുകളെ പിടിച്ചുനിറുത്തിയത് അന്യഭാഷാ ഹിറ്റുകൾ. ഈവർഷം 75 മലയാളം സിനിമകൾ റിലീസ് ചെയ്‌തതിൽ വിജയം നേടിയത് ഏഴെണ്ണം മാത്രം. തിയേറ്ററിൽ പരാജയവും ഒ.ടി.ടി കിട്ടാത്തതുംമൂലം 250 കോടി രൂപയുടെ നഷ്ടം വ്യവസായത്തിനുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്.
കൊവിഡിന് ശേഷം നിരവധി സിനിമകളാണ് തിയേറ്ററുകളിലും ഒ.ടി.ടിയിലും റിലീസ് ചെയ്തത്. സൂപ്പർതാരങ്ങളുടെ സിനിമകളിൽ ഏറെയും ഒ.ടി.ടി റിലീസായിരുന്നു. വൻതുകമുടക്കി വാങ്ങിയ സിനിമകളിൽ പലതിനും ഒ.ടി.ടിയിൽ പ്രേക്ഷകരെ കിട്ടിയില്ല. തുടർന്നാണ് തിയേറ്ററുകളിൽ ഓടുന്ന സിനിമകൾ മതിയെന്ന് കമ്പനികൾ തീരുമാനിച്ചത്. ഇതോടെയാണ് തിയേറ്ററുകളിലേക്ക് സിനിമകളുടെ കുത്തൊഴുക്ക് തുടങ്ങിയതെന്ന് തിയേറ്റർ ഉടമകളുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഒരാഴ്ചയെങ്കിലും ഓടിക്കാൻ കഴിയാത്ത സിനിമകൾ വൻനഷ്ടത്തിലുമായി.
കോടികൾ വാരി അന്യഭാഷ
അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ നിന്ന് വൻവരുമാനം നേടിയെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. ആർ.ആർ.ആർ മുതൽ വിക്രംവരെ അക്കൂട്ടത്തിലുണ്ട്. തമിഴ്, ഹിന്ദി പരിഭാഷാ സിനിമകളും വൻവിജയം നേടുകയാണ്. തിയേറ്റർ വിജയം ഉറപ്പാക്കുന്ന ചേരുവകളാണ് അന്യഭാഷാ സിനിമകളുടെ പ്രത്യേകതയെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. അടുത്തയാഴ്ച ചേരുന്ന കേരള ഫിലിംചേംബർ യോഗം മലയാള സിനിമകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യും.
'തിയേറ്ററുകൾക്ക് രക്ഷയായി ഇടയ്ക്കൊരു സിനിമ ഹിറ്റാകും. വീണ്ടും അധോഗതിയാകും. സിനിമകൾ ധാരാളം വന്നിട്ട് കാര്യമില്ല. പ്രേക്ഷകർ കാണാൻ യോഗ്യതയുള്ള സിനിമകൾ വേണം. അന്യഭാഷാ സിനിമകളാണ് തിയേറ്ററുകളെ നിലനിറുത്തുന്നത്".
- കെ. വിജയകുമാർ, പ്രസിഡന്റ്, ഫുയോക്
മലയാളം ഹിറ്റുകൾ
സി.ബി.ഐ 5
ജോ ആൻഡ് ജോ
ഹൃദയം
ഭീഷ്‌മപർവം
ജനഗണമന
ജാനേമൻ
കടുവ
തമിഴ് ഹിറ്റുകൾ
ആർ.ആർ.ആർ
കെ.ജി.എഫ് 2
വിക്രം