കൊച്ചി: ശക്തമായ കടലേറ്റമുണ്ടായ കണ്ണമാലിയിൽ 7,500 ജിയോബാഗുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. തിരമാലകളിൽ ചിതറി പോയ കടൽ ഭിത്തി കല്ലുകൾ അടുക്കി താത്കാലികമായാണ് പുനർനിർമ്മിക്കുന്നത്. ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവൃത്തനങ്ങൾ ഉടൻ ആരംഭിക്കും. ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിൽ പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാലാണ് താത്കാലിക നവീകരണം നടത്തുന്നത്.

കടലാക്രമണം നേരിട്ട കണ്ണമാലി പ്രദേശങ്ങൾ കെ.ജെ.മാക്‌സി എം.എൽ.എയും സംഘവും സന്ദർശിക്കുകയും അടിയന്തര പരിഹാര നടപടികൾ ആരംഭിക്കുവാൻ നിർദേശിക്കുകയും ചെയ്തു. നിർമ്മാണ പ്രവൃത്തികളുടെ അവലോകനം ബുധനാഴ്ച ഉദ്യോഗസ്ഥ തലത്തിലും, ശനിയാഴ്ച എം.എൽ.എയുടെ നേതൃത്വത്തിലും നടത്തും.

കടൽ വെള്ളം കയറി പൂർണ്ണമായും ഭാഗികമായും വീട് തകർന്നവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

കൊച്ചി താലൂക്കിലെ ദുരിത നിവാരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ സുനീതൻ പിള്ള, തഹസിൽദാർ സുനിതാ ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ജോസഫ് ഹെർട്ടിസ്, ഇ.പി. സുരേഷ്, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി. സന്ധ്യ, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അബ്ബാസ്, ഊരാളുങ്കൽ പ്രൊജക്ട് മാനേജർ എൻ.രമേശ്, പൊതു പ്രവർത്തകർ എന്നിവരും എം.എൽ.എയുടെ ഒപ്പമുണ്ടായിരുന്നു.