vd-satheesan

കൊച്ചി: മുൻമന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാ പരാമർശം ഗോൾവാൾക്കറുടെ വാക്കുകളാണെന്ന പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആർ.എസ്.എസ് നോട്ടീസ് അയച്ചു. പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും നോട്ടീസിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും സതീശൻ അറിയിച്ചു.

ആർ.എസ്.എസ് പ്രാന്തസംഘചാലക് കെ.കെ. ബാലറാമാണ് നോട്ടീസ് അയച്ചത്. ആർ.എസ്.എസ് സ്ഥാപക ആചാര്യനായ ഗോൾവാൾക്കർ വിചാരധാര എന്ന പുസ്തകത്തിൽ ഭരണഘടനയെപ്പറ്റി പറഞ്ഞതാണ് സജി ചെറിയാന്റെ വാചകങ്ങൾ എന്ന സതീശന്റെ പരാമർശം തെറ്റാണെന്ന് നോട്ടീസിൽ പറയുന്നു. സജി ചെറിയാൻ പറഞ്ഞ വാക്കുകൾ വിചാരധാരയിൽ ഒരിടത്തുമില്ല. വാസ്തവ വിരുദ്ധവും പച്ചക്കള്ളവുമാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. സജി ചെറിയാൻ പറഞ്ഞ വാക്കുകൾ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കുക, അല്ലെങ്കിൽ പ്രസ്താവന പിൻവലിക്കുക എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.

വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് സജി ചെറിയാനും പറഞ്ഞതെന്ന് വി.ഡി. സതീശൻ ആവർത്തിച്ചു. നോട്ടീസ് അയച്ചത് ആരെ ഭയപ്പെടുത്താനാണ്. അതൊക്കെ കൈയിൽവച്ചാൽ മതി. ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണ്.

സജി ചെറിയാന്റെ പ്രസ്താവന ശരിയല്ലെന്ന് വ്യക്തതയോടെ പറയാൻ സി.പി.എം തയ്യാറായിട്ടില്ല. ഒരു മന്ത്രി രാജിവച്ച വിഷയത്തിൽ മിണ്ടാത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.