
കൊച്ചി: ഗൂഢാലോചന കേസിൽ ചോദ്യംചെയ്യാൻ വിളിച്ച് പൊലീസ് ഉപദ്രവിക്കുന്നതായും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി വെളിപ്പെടുത്താൻ നിർബന്ധിക്കുന്നതായും ആരോപിച്ച് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസുകൾ റദ്ദാക്കണമെന്ന ഹർജിയിലാണ് സ്വപ്ന ഉപഹർജി നൽകിയത്. ജൂലായ് ആറിന് രാവിലെ 11 മുതൽ വൈകിട്ട് ഏഴുവരെ സ്വപ്നയെ ചോദ്യംചെയ്തപ്പോൾ രഹസ്യമൊഴി വെളിപ്പെടുത്താനാണ് കൂടുതൽ സമയവും ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇ.ഡിക്ക് നൽകിയ തെളിവ് വെളിപ്പെടുത്താനും നിർബന്ധിച്ചു. കൂടാതെ എച്ച്.ആർ.ഡി.എസിലെ ജോലി ഉപേക്ഷിക്കാനും അഭിഭാഷകനെ മാറ്റാനും ആവശ്യപ്പെട്ടു. അല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തിയ സമരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത 770 കേസുകളിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിന്റെ ഭീഷണിമൂലം ജോലിയിൽ നിന്ന് എച്ച്.ആർ.ഡി.എസ് തന്നെ ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു.