
കൊച്ചി: സംസ്ഥാനത്ത് രണ്ടിടത്ത് കൂടി സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള അത്യാധുനിക ലഹരി വിമുക്ത കേന്ദ്രങ്ങൾ വരുന്നു. യുവതികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസുകൾ ഗണ്യമായി വർദ്ധിച്ചതോടെയാണ് എക്സൈസ് നീക്കം. വിമുക്തി മിഷനാണ് ചുമതല.
കഴിഞ്ഞ നവംബറിൽ തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള എക്സൈസിന്റെ ആദ്യവിമുക്തി കേന്ദ്രം തുറന്നിരുന്നു. കൊച്ചിയിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയും കോഴിക്കോട് ബീച്ച് ആശുപത്രിയുമാണ് പരിഗണയിലുള്ളത്. എത്രയും വേഗം കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും എക്സൈസിന് ലഹരി വിമോചന കേന്ദ്രങ്ങളുണ്ട്.
50 ശതമാനം മാത്രം
ലഹരിക്കേസിൽ പിടിയിലാകുന്ന യുവതി- യുവാക്കളിൽ 50 ശതമാനം മാത്രേമേ കൗൺസിലിംഗിന് വിധേയരാകാറുള്ളൂ. മക്കൾ ആദ്യമായാണ് ഇത്തരമൊരു കേസിൽ അകപ്പെടുന്നതെന്നും തങ്ങൾ തന്നെ ഗുണദോഷിച്ച് നേർവഴിക്ക് നടത്താമെന്നും ഉറപ്പുനൽകി മാതാപിതാക്കൾ കൗൺസിലിംഗ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. വലിയ അളവിൽ ലഹരിയുമായി കുടുങ്ങുന്നവർക്ക് കൗൺസിലിംഗ് നിർബന്ധമാണ്. ഒരുമാസം മുതൽ കിടത്തിചികിത്സ ഇവിടെ ലഭിക്കും. ലഹരിമരുന്ന് ഉപയോഗത്തിൽ നിന്ന് പൂർണമായും മുക്തി നേടിയവർക്ക് എക്സൈസ് സ്വയം തൊഴിലിനായുള്ള സഹായം ചെയ്യുന്നുണ്ട്.
ചികിത്സാ കേന്ദ്രത്തിൽ
• ഡോക്ടറുടെ സേവനം
• 10 കിടക്ക സൗകര്യം
• സ്വകാര്യ ഇടം
• പരിശീലനം ലഭിച്ച ജീവനക്കാർ
കേസുകൾ വർദ്ധിച്ചതിനാലാണ് രണ്ട് മേഖലയിൽ കൂടി സ്ത്രീകൾക്കും കുട്ടികൾക്കുമായി ലഹരിവിമോചന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്. രണ്ടും വേഗം തുറക്കും.
ആർ.ഗോപകുമാർ
ജോയിന്റ് എക്സൈസ് കമ്മിഷണർ
അവബോധ പരിപാടി
സഹ കോ-ഓർഡിനേറ്റർ
നേരിട്ട് ചികിത്സതേടിയവർ ( പ്രായം 21ൽ താഴെ)
2021- 2314
2022- 805 (ഇതുവരെ)
വർഷം- കേസ് - 21വയസിൽ താഴെ
2018- 449 - 105
2019- 1724 -329
2020- 3151 -204
2021-2704 -117
2022-1960 -102