kochi

കൊച്ചി: വിശാല കൊച്ചിയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ പദ്ധതികൾ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുന്നിൽ അവതരിപ്പിച്ച് ജി.സി.ഡി.എ. സെക്രട്ടറി അബ്ദുൾ മാലിക് പദ്ധതികളുടെ അവതരണം നടത്തി. ചെയർമാൻ കെ. ചന്ദ്രൻപിള്ള, മേയർ എം. അനിൽകുമാർ, കെ.ജെ. മാക്‌സി എം.എൽ.എ, കളക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട്ട് മിഷൻ( സി.എസ്.എം.എൽ ) സി.ഇ.ഒ എസ്. ഷാനവാസ്, സബ് കളക്ടർ പി. വിഷ്ണുരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 13.32 കോടി അനുവദിച്ച്

സി.എസ്.എം.എൽ

സി.എസ്.എം.എൽ സഹായത്തോടെ നടപ്പാക്കാവുന്ന എട്ട് പദ്ധതികളുടെ രൂപരേഖ തയാറായിട്ടുണ്ട്. 47 കോടിയാണ് ചെലവ്. ആദ്യഘട്ടമായി 13.32 കോടി രൂപയ്ക്ക് സി.എസ്.എം.എൽ അംഗീകാരം നൽകി. മറൈൻഡ്രൈവിന്റെയും രാജേന്ദ്രമൈതാനത്തിന്റെയും നവീകരണം, ചങ്ങമ്പുഴ പാർക്ക് വികസനം, ഏഴു കേന്ദ്രങ്ങളിൽ ടോയ്ലറ്റ് കോംപ്ലക്‌സുകൾ, പ്രാദേശിക പാർക്കുകളുടെ നവീകരണം, ലൈഫ് മിഷനുള്ള സഹായം എന്നിവയ്ക്ക് അംഗീകാരം ലഭിച്ചു

 ഫിലിം സിറ്റി

കടൽ നിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് സാമ്പത്തിക സാമൂഹ്യമേഖലകൾ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിലേക്ക് കാലക്രമേണ മാറ്റണം. അതിനായി നിലവിലുള്ള നഗരപരിധിക്ക് പുറത്ത് അഞ്ചോളം പ്രത്യേക സാമ്പത്തിക മേഖലകളാണ് പദ്ധതിയുടെ ലക്ഷ്യം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന പദ്ധതിക്കായി 2500 ഏക്കറോളം ഭൂമി വേണ്ടി വരും. ഫിലിം സിറ്റി, ദേശീയ സംസ്ഥാന പാതകളിലേക്ക് റോഡുകൾ എന്നിവയും ഇതിന്റെ ഭാഗമാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാൻഡ് പൂളിംഗ് മാതൃകയിൽ നടപ്പാക്കാനദ്ദേശിക്കുന്ന പദ്ധതിയ്ക്ക് 70,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 വീടെന്ന സ്വപ്നം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അതേസമയം സർക്കാർ ഭവന പദ്ധതികളുടെ പരിധിയിൽ വരാത്തവരുമായ വിഭാഗങ്ങൾക്കായി 50 ശതമാനം പലിശ സബ്‌സിഡിയോടെ ഭവന പദ്ധതി. പതിനായിരം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാക്കനാട് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള 1.4 ഏക്കർ സ്ഥലത്ത് പൈലറ്റ് പദ്ധതി നടപ്പാക്കും.

 പനമ്പിള്ളിനഗർ ഭവനപദ്ധതി പ്രദേശത്ത് നാശോന്മുഖമായ വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലകളുടെ നവീകരണത്തിന് നൂറു കോടി രൂപയുടെ പദ്ധതി.

 ചലച്ചിത്ര വികസന കോർപ്പറേഷനുമായി ചേർന്ന് ഗാന്ധിനഗറിൽ ഫിലിം സ്റ്റുഡിയോ, പെർഫോമിംഗ് ആർട്‌സ് സെന്റർ, ബാലചിത്രകാരൻ ക്ലിന്റിന്റെ സ്മരണ നിലനിർത്തുന്നതിനായി ആർട് ഗാലറി എന്നിവ പരിഗണനയിൽ. കൺവെൻഷൻ സെന്റർ, എക്‌സിബിഷൻ ഗാലറി, മൾട്ടിപ്ലെക്‌സ് എന്നിവയോടെ കലൂരിൽ സാംസ്‌കാരിക കേന്ദ്രം .