sp-karthik

ആലുവ: ക്രമസമാധാന ചുമതലയിൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചും സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ നിറസാന്നിദ്ധ്യവുമായി റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് നാളെ ആലുവ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ജനകീയനായ എസ്.പിയെന്ന് പേരിടുത്ത കെ. കാർത്തികിന്റെ കർമ്മമണ്ഡലം ഇനി അക്ഷര നഗരിയായ കോട്ടയമാണ്.

സംസ്ഥാനത്തെ സേനയ്ക്ക് മാതൃകയായ നിരവധി പദ്ധതികളാണ് കെ. കാർത്തിക് നടപ്പാക്കിയത്. എസ്.പി ആവിഷ്‌കരിച്ച ഓപ്പറേഷൻ ഡാർക്ക് ഹണ്ട് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായി. പദ്ധതിയുടെ ഭാഗമായി 52 കുറ്റവാളികളെ ജയിലിലടച്ചു. 35 പേരെ നാടുകടത്തി. നിരവധിപേർ നിരീക്ഷണത്തിലുമാണ്. നൂറിലേറെ പേർക്കെതിരെ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.

മയക്കുമരുന്ന് വേട്ടയിലും റൂറൽ ജില്ല ഒന്നാമതാണ്. രണ്ട് വർഷത്തിനുള്ളിൽ ആയിരം കിലോഗ്രാം കഞ്ചാവും മൂന്നു കിലോയോളം എം.ഡി.എം.എയും, അമ്പതോളം എൽ.എസ്.ഡി സ്റ്റാമ്പുകളും നാല് കിലോ ഹാഷിഷ് ഓയിലും പിടികൂടി. കഞ്ചാവ് മാഫിയയിലെ പ്രധാനികളായ അഞ്ച് ആന്ധ്ര സ്വദേശികളെ അവിടെച്ചെന്ന് പിടികൂടി. മൂന്ന് വിദേശികളെയും അറസ്റ്റ് ചെയ്തു. സ്വത്ത് കണ്ട് കെട്ടാനും അക്കൗണ്ട് മരവിപ്പിക്കാനും കഴിഞ്ഞു. ജാമ്യ വ്യവസ്ഥ ലംച്ച 53 പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലിലടക്കുകയുണ്ടായി.

'പ്രമുക്തി' മുഖേന ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു. പാസ്‌പോർട്ട് വെരിഫിക്കേഷനിൽ കഴിഞ്ഞ മൂന്നുവർഷമായി റൂറൽ ജില്ല ഒന്നാം സ്ഥാനത്താണ്. പ്രൊജക്ട് തൗസൻറ് ഐസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ സി.സി ടിവി കാമറകൾ സ്ഥാപിച്ചു. കൊവിഡ് കാലത്തെ റൂറൽ ജില്ലാ പൊലീസിന്റെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.