
മൂവാറ്റുപുഴ:പായിപ്ര പഞ്ചായത്ത് മൂന്നാം വാർഡിൽ പോയാലി മലയോട് ചേർന്ന് വീണ്ടും മണ്ണിടിച്ചിൽ. ഇതേത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. കുറച്ച് ഭാഗത്തെ മണ്ണ് നീക്കിയശേഷം ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് പോയാലി മലയ്ക്ക് സമീപം വീണ്ടും മണ്ണിടിഞ്ഞത്. പ്ലൈവുഡ് കമ്പനി നിർമാണത്തിന് പണിതുയർത്തിയ കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നതിന് സമീപമായിരുന്നു ശക്തമായ മഴയത്തെ മണ്ണിടിച്ചിൽ.
പ്ലൈവുഡ് കമ്പനി നിർമാണത്തിന് പണിതുയർത്തിയ കൂറ്റൻ സംരക്ഷണ ഭിത്തി കഴിഞ്ഞ ബുധനാഴ്ച തകർന്നിരുന്നു. പോയാലി മല- മില്ലുംപടി റോഡിലേക്കാണ് 200 മീറ്ററിലേറെ നീളത്തിലെ സംരക്ഷണ ഭിത്തി വൻശബ്ദത്തോടെ തകർന്നുവീണത്. റോഡ് പൂർണ്ണമായും മണ്ണും കല്ലും ചെളിയും നിറഞ്ഞതോടെ അന്നും ഗതാഗതം മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആർ.ഡി.ഒ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ റോഡിൽ നിന്ന് കമ്പനി ഉടമയുടെ ചെലവിൽ മണ്ണുംകല്ലും നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. തുടർന്ന് വെള്ളിയാഴ്ച്ച കുറച്ച് ഭാഗത്തെ കല്ലുംമണ്ണും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. പ്ലൈവുഡ് കമ്പനിയുടെ മറവിൽ മണ്ണുംകല്ലും നീക്കം ചെയ്തത് പോയാലി മലയ്ക്ക് ഭീഷണിയായിരിക്കുകയാണ്. ടൂറിസം പ്രൊജക്ടിനായി പദ്ധതി തയാറാക്കുന്ന പോയാലി മലയ്ക്കു സമീപം അപകടകരമാംവിധം മണ്ണിടിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.