
നെടുമ്പാശേരി: യു.കെയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘം സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം എന്ന അംഗീകാരം നേടിയ കൊച്ചി രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യു.കെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐ.എസ്.ഡി.സി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സമ്മർ സ്‌കൂളിന്റെ ഭാഗമായാണ് ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാർത്ഥിസംഘം കൊച്ചിയിലെത്തിയത്. സിയാൽ എം.ഡി എസ്. സുഹാസിനോട് വിദ്യാർഥികൾ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ സ്‌കൂളിനിടെ സംഘം കൊച്ചിയിലെ ചരിത്രപ്രധാന സ്ഥലങ്ങളും പ്രമുഖ വ്യക്തികളെയും വരും ദിവസങ്ങളിൽ സന്ദർശിക്കും.