accident

മൂവാറ്റുപുഴ: കനത്ത മഴയിലും ചുഴലിക്കാറ്റിലും ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പ്രദേശത്ത് വ്യാപക നാശം. കാറ്റിലും മഴയിലും കാർഷിക വിളകൾ അടക്കമുള്ളവയ്ക്ക് നാശം നേരിട്ടു. വൈദ്യുതി തടസവും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി.

വെള്ളിയാഴ്ച രാത്രി 12ന് മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾ ലൈബ്രറിയുടെ സമീപ്രദേശത്ത് വൻ നാശമാണ് വിതച്ചത്. ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് തട്ടാറുകുന്നേൽ ജയ്സന്റെ 15 തേക്ക്, 10 അടയ്ക്കമരം, 20 റബ്ബർ, തട്ടാറുകുന്നേൽ ജോൺസന്റെ 30 റബ്ബർ, നാല് തേക്ക്, ഒരു കശുമാവ്, ഒരു പ്ലാവ്, ആരിക്കാപ്പിള്ളി ബിജുവിന്റെ തേക്ക്, തേവർമഠം ജോസിന്റെ 40 വാഴ, കാരിമറ്റം രാജുവിന്റെ നാല് വാഴ, ഒരു തെങ്ങ്, തച്ചനോടിയിൽ ബിന്ദുവിന്റെ ഒരു പ്ലാവ്, ഒരു മാവ്, നാല് വാഴ എന്നിവ കാറ്റിൽ നിലംപൊത്തി. കെ.എസ്.ഇ.ബിയുടെ ആറ് പോസ്റ്റുകളും ഒടിഞ്ഞുവീണു. മരം വീണ് ട്രാൻസ്‌ഫോർമർ തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി. കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.