പള്ളുരുത്തി:കൊച്ചിയുടെ കായിക രംഗത്തെ നിറസാന്നിധ്യമായ സ്റ്റേറ്റ്സ് ക്ലബ്ബ് പ്ലാറ്റിനം ജൂബിലി നിറവിൽ. 1946ൽ നിലവിൽവന്ന സ്റ്റേറ്റ്സ് ക്ലബ്ബ് ഫുട്ബാൾ അക്കാഡമി രൂപീകരിച്ച് പുതിയ തലമുറയെ പരിശീലിപ്പിക്കാനൊരുങ്ങുകയാണ്. ഫണ്ടേസിയോൻ സെൽറ്റ അക്കാഡമിയുമായി സഹകരിച്ചുള്ള ഫുട്ബാൾ അക്കാഡമിയുടെ ഔപചാരിക ഉദ്ഘാടനം 12ന് വൈകിട്ട് 4ന് തോപ്പുംപടി റാസ് റെസിഡൻസിയിൽ നടക്കും.
കാൽപ്പന്ത് കളിയിൽ നിരവധി പ്രതിഭകളെ വാർത്തെടുത്ത കളരിയാണ് സ്റ്റേറ്റ്സ് ക്ലബ്ബ്. സ്റ്റേറ്റ്സ് ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങൾ എല്ലാം മൺമറഞ്ഞു. ആസ്ഥാന മന്ദിരമല്ലാതെ ക്ലബ്ബിന് മറ്റ് ആസ്തികളൊന്നുമില്ല. എങ്കിലും ക്ലബ്ബിന്റെ സുവർണകാലത്തിന്റെ സ്മരണയുയർത്തി ഒരു കൂറ്റൻ ട്രോഫി ഇന്നും നശിക്കാതിരിപ്പുണ്ട്, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ 1955ൽ നടന്ന സംസ്ഥാനത്തെ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റായ രാമവർമ്മ ചാമ്പ്യൻഷിപ്പിലെ റണ്ണറപ്പ് ട്രോഫി. ചാക്കോളാസ് സ്വർണകപ്പിനുവേണ്ടിയുള്ള അത്യന്തം വാശിയേറിയ ഫൈനലിൽ പാകിസ്ഥാൻ ദേശീയ ടീമംഗങ്ങൾ ഉൾപ്പെട്ട കറാച്ചി കിക്കേഴ്സിനോട് പൊരുതിവീണ സ്റ്റേറ്റ്സ് ക്ലബ്ബിന് കണിയാമ്പുറം ബ്രദേഴ്സ് സിൽവർ ട്രോഫി അന്ന് സ്വന്തമായി. ബ്രിട്ടീഷ് എൻജിനിയറിംഗ് സ്ഥാപനമായ ബ്രണ്ടൻ കമ്പനി അവരുടെ മട്ടാഞ്ചേരി യാർഡിലാണ് ഈ ട്രോഫി നിർമ്മിച്ചത്. പിന്നീട് സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ള പല ടൂർണമെന്റുകളിലും ഈ കപ്പ് പ്രദർശിപ്പിച്ചിരുന്നു. എറണാകുളം ഡിസ്ട്രിക് ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ.ദിനേശ് കമ്മത്തിന്റെ ചെറളായിയിലെ വസതിയിലാണ് കണിയാമ്പുറം ബ്രദേഴ്സ് സിൽവർ ട്രോഫി സൂക്ഷിച്ചിട്ടുള്ളത്. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ ചാമ്പ്യൻഷിപ്പുകളിലും സ്റ്റേറ്റ്സ് ക്ലബ്ബ് പങ്കെടുത്തിരുന്നു.
ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് സ്റ്റേറ്റ്സ് ക്ലബ്ബിൽ കളിച്ചിട്ടുണ്ടെന്നതും അധികമാർക്കും അറിയാത്ത കാര്യം. യുവതലമുറയെ ലഹരിയുടെ വഴിയിൽ നിന്ന് മാറ്റിനടത്താനാണ് സ്റ്റേറ്റ്സ് ക്ലബ്ബ് ഫുട്ബാൾ അക്കാഡമി സ്ഥാപിക്കുന്നതെന്ന് ഭാരവാഹികളായ ക്യാപ്ടൻ മോഹൻദാസ്, മനോജ് കുമാർ, ആർ.ദിനേശ് കമ്മത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.