
നെടുമ്പാശേരി: ദേശീയപാതാ അത്താണിയിൽ ഫ്ളാറ്റുകളിൽ നിന്ന് ഉപേക്ഷിച്ചതായി സംശയിക്കുന്ന ദുർഗന്ധം വമിക്കുന്ന ടൺ കണക്കിന് മാലിന്യം തള്ളിയ നിലയിൽ. മാംസാവശിഷ്ടങ്ങൾ മുതൽ പ്ലാസ്റ്റിക് മാലിന്യം വരെയുണ്ട്. അർദ്ധ രാത്രിയിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളിയതെന്ന് സംശയിക്കുന്നു.
കുറുന്തിലക്കോട്ട് ചിറയോട് ചേർന്ന റോഡിലാണ് കുന്നുപോലെ മാലിന്യം തള്ളിയിട്ടുള്ളത്. രാത്രി കാലങ്ങളിൽ കുറുന്തിലക്കോട്ട് ചിറയ്ക്ക് സമീപത്തെ റോഡിൽ മാലിന്യം തള്ളാനും അത്താണി അസീസി കവലയിലെത്തി യു. ടേൺ തിരിഞ്ഞ് പോകാനും സൗകര്യമുണ്ട്. മാലിന്യം ചിറയിലും പരിസരങ്ങളിലും തള്ളുന്നത് രൂക്ഷമായതോടെ തെരുവ് നായ്ക്കളുടെ ശല്യവും കൂടിയിരിക്കുകയാണ്.
മാലിന്യം തള്ളുന്നതിനെതിരെ ഐശ്വര്യ നഗർ റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകൾ, പ്രതീകാത്മക പ്രതിഷേധങ്ങൾ, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ ജന ജാഗ്രത സംവിധാനങ്ങൾ ഏർപ്പെടുത്തിയതോടെ കുറെനാൾ ശമനം കിട്ടിയെങ്കിലും അടുത്തിടെയായി ദേശീയപാതയോരത്തും ചിറയിലും പരിസരങ്ങളിലും മാലിന്യം തള്ളൽ വീണ്ടും വ്യാപകമായി. നിരീക്ഷണ കാമറകൾ തകർക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ മാലിന്യത്തിൽ നിന്ന് പ്രദേശമാകെ അസഹ്യദുർഗന്ധം പരന്നതോടെ വാർഡ് അംഗം ജോബി നെൽക്കര, ഐശ്വര്യ നഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. സുരേഷ്, സെക്രട്ടറി ജിമ്മിച്ചൻ ജോൺ, ഷാജു പി. ജോൺ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി. രാത്രികാല പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.