വൈപ്പിൻ: മത്സ്യകൃഷി രംഗത്ത് വൻകുതിപ്പുണ്ടാക്കിയ നീല വിപ്ലവത്തെ ഓർമ്മിപ്പിച്ച് നടത്തുന്ന ദേശീയ മത്സ്യകർഷക ദിനത്തിന്റെ മണ്ഡലംതല ആചരണം ഇന്ന്. എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ പത്തിന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലയിൽ മൂന്നിടങ്ങളിലാണ് ദേശീയ മത്സ്യകർഷക ദിനം ആചരിക്കുന്നത്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിക്കും. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ. കെ. എസ്. പുരുഷൻ ക്ലാസ് എടുക്കും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ജി. ഡോണോ, അഡ്വ. എം. ബി. ഷൈനി, വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, മറ്റു ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും. മികച്ച മത്സ്യ കർഷകരെ ചടങ്ങിൽ ആദരിക്കും. മുതിർന്ന മത്സ്യകർഷകർ കൃഷി അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കും.