കൊച്ചി: ലക്ഷദ്വീപിലെ രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കേരളത്തിലെത്തിക്കാൻ എയർ ആംബുലൻസ് അനുവദിക്കാത്തതിൽ വ്യാപകപരാതി. കാലാവസ്ഥ പ്രതികൂലമാണെന്നതി​ന്റെ പേരി​ലാണ് എയർ ആംബുലൻസ് നി​ഷേധി​ക്കുന്നതെന്നാണ് ആരോപണം. അഗത്തിയിലെ രാജീവ് ഗാന്ധി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലുള്ള സൈനബ (90), ഹൃദയാഘാതംവന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള പൂക്കോയ (37) എന്നിവരെയാണ് അടിയന്തരമായി കേരളത്തിലേക്ക് കൊണ്ടുപോകേണ്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സൈനബയ്ക്ക് ഹെലികോപ്ടർ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കി​ലും വൈകി​ട്ടുവരെ ലഭി​ച്ചി​ല്ല. സൈനബയെ കപ്പലിൽ കൊച്ചിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. പൂക്കോയയുടെ കാര്യത്തി​ൽ തീരുമാനമായി​ട്ടി​ല്ല.