ആലങ്ങാട്: കരുമാല്ലൂർ ആനച്ചാലിലെ ജനവാസ മേഖലയിൽ ടാർ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത കമ്പനിയാണ് മെറ്റൽ ക്രഷർ, ടാർ മിക്‌സിംഗ് തുടങ്ങിയവയ്ക്കായി 18 ഏക്കറോളം വരുന്ന സ്വകാര്യഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് ഭൂമി എടുത്തിരിക്കുന്നത്. ഇവിടെ കാലങ്ങളായുണ്ടായിരുന്ന തോടും ചതുപ്പും കോൺക്രീറ്റ് ഉൾപ്പെടെയുള്ള കെട്ടിട അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടു നികത്തി. പഞ്ചായത്തിൽ നിന്നോ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ അനുമതി വാങ്ങാതെ നികത്തു ഭൂമിയിൽ ലേബർ ക്യാമ്പുകളും ടോയ്‌ലറ്റുകളും നിർമ്മിച്ചു. ടോയ്‌ലറ്റുകളുടെ ഔട്ട്‌ലെറ്റ് പഞ്ചായത്ത് തോട്ടിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്.

മാഞ്ഞാലിക്കുന്നിൽ നിന്നുള്ള വെള്ളം ആനച്ചാൽ പുഴയിൽ വന്നെത്തുന്ന തോടുകൾ നികത്തിയതോടെ സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയുണ്ട്. കൂടാതെ കോളേജും മറ്റു സ്ഥാപനങ്ങളുമുള്ള ജനവാസമേഖലയിൽ വർഷങ്ങളോളം ടാർ മിക്‌സിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത് പരിസ്ഥിതിക്കും ജനാരോഗ്യത്തിനും ഭീഷണിയാണെന്നു കണ്ട് പഞ്ചായത്ത് ഭരണസമിതി മൂന്നു തവണ കരാർ കമ്പനിക്ക് നിർമ്മാണ അനുമതി നിഷേധിച്ചതാണ്. ഇതുവകവയ്ക്കാതെയാണ് നികത്തും നിർമ്മാണവും നടത്തിയത്. നിർമ്മാണം നിർത്തിവയ്ക്കണമെന്നു കാണിച്ച് പഞ്ചായത്ത് നൽകിയ നോട്ടീസും അവഗണിച്ചു. തുടർന്ന് ഭരണസമിതി നൽകിയ പരാതിയിൽ ഫോർട്ടുകൊച്ചി ആർ.ഡി.ഒ പി.വിഷ്ണുരാജ് സ്ഥലത്തെത്തി പരിശോധിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, അംഗങ്ങളായ സബിത നാസർ, കെ.എ.ജോസഫ്, കെ.എം.ലൈജു എന്നിവരിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ആർ.ഡി.ഒ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകി.