p-vishnuraj

പറവൂർ: പറവൂർ - ആലുവ റൂട്ടിൽ ആനച്ചാലിൽ ദേശീയപാതാ നിർമ്മാണത്തിന്റെ മറവിൽ കരുമാല്ലൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിലെ പതിനെട്ട് ഏക്കർ ഭൂമി നികത്തുന്നു. ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പാട്ടത്തിനെടുത്ത സ്ഥലമാണ് എൻ.എച്ചിനായി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ പൊളിച്ച വേസ്റ്റ് ഉപയോഗിച്ച് നികത്തുന്നത്.

രാത്രിയിലും പകലുമായി നിരവധി ടിപ്പറുകളിലാണ് കോൺക്രീറ്റ് വേസ്റ്റ് എത്തികുന്നത്. തോടുകളും തണ്ണീർത്തടങ്ങളുമാണ് ആദ്യം നികത്തുന്നത്. നികത്തിയ സ്ഥലത്ത് തൊഴിലാളികൾക്ക് താമസിക്കുന്നതിനായി ഷെഡുകളും ടോയ്‌ലറ്റ് ബ്ലോക്കുകളും നിർമ്മിച്ചിട്ടുമുണ്ട്. ടോയ്‌ലറ്റ് ബ്ലോക്കുകളുടെ കുഴൽ പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുതോട്ടിലേക്കാണ് തുറന്നു വച്ചിരിക്കുന്നത്.

പ്രവേശനകവാടങ്ങളിൽ ഉയത്തിൽ ഷീറ്റ് ഉപയോഗിച്ച് മറച്ചിരുന്നതിനാൽ പലനിർമ്മാണവും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തോടുകളും തണ്ണീർതടങ്ങളും നികത്തിയതോടെ സമീപ പ്രദേശങ്ങളിൽ വെള്ളക്കൊട്ട് രൂക്ഷമാകുകയും കൃഷിനാശവും ഉണ്ടായതോടെയാണ് നാട്ടുകാർ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്.

കരുമാല്ലൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നികത്തുന്നതും നിർമ്മാണ പ്രവർത്തനങ്ങളും തുടരുകയാണ്. ഇതിൽ അഞ്ച് ഏക്കറോളം ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകളുണ്ടാക്കി നിലമാക്കി മാറ്റിയട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

തോടുകളും തണ്ണീർതടങ്ങളോടുകൂടിയ ഈ പ്രദേശത്ത് ജനവാസം കുറവാണ്. ആനച്ചാൽ പ്രദേശത്ത് ഇത്തരത്തിലുണ്ടായിരുന്ന അമ്പത് ഏക്കറോളം ഭൂമി നികത്തി നിരവധി ഗോഡൗണുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിന് സമീപത്താണ് 16 ഏക്കർ കണ്ടൽകാടുകൾ നിറഞ്ഞ തണ്ണീർതടം നികത്തുന്നത് വിവാദമായിട്ടുള്ളത്. ദേശീയപാത നിർമ്മിക്കുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് 18 ഏക്കറോളം വരുന്ന സ്വകാര്യ ഭൂമി മൂന്നുവർഷത്തേക്ക് ടാർ മിക്സിംഗ്, ക്രഷർ, മറ്റ് അനുബന്ധ പ്രവത്തനങ്ങൾക്കും വേണ്ടി പാട്ടത്തിനെടുത്തിരിക്കുന്നത്.

യാതൊരു അനുമതിയും ഇല്ലാതെയാണ് ഭൂമി നികത്തുന്നത്. പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങാതെ നിയമവിരുദ്ധമായി കെട്ടിടങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത്‌ നോട്ടീസ് നൽകിയിട്ടും അതെല്ലാം അവഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഈ വിഷയം പഞ്ചായത്ത് അടിയന്തരമായി ചർച്ച ചെയ്യുന്നതിന് തിരുമാനിച്ചിട്ടുണ്ട്.

ജേസഫ് മേനാച്ചേരി

വൈസ് പ്രസിഡന്റ്

കരുമാല്ലൂർ പഞ്ചായത്ത്.

സ്ഥലം സബ്

കളക്ടർ സന്ദർശിച്ചു

കരുമാല്ലൂർ പഞ്ചായത്തിന്റെയും നാട്ടുകാരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ പി. വിഷ്ണുരാജ് സ്ഥലം സന്ദർശിച്ചു. കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സബിത നാസർ, കെ.എ. ജോസഫ്, കെ.എം. ലൈജു എന്നിവരും പ്രദേശവാസികളും ആശങ്ക അറിയിച്ചു. ഈ വിഷയത്തിൽ പഞ്ചായത്ത് പ്രമേയം പാസാക്കിയ ജില്ലാ ഭരണകൂടിത്തിന് നൽകാനും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുടെ അടങ്ങിയ പരാതി നൽക്കാനും സബ് കളക്ടർ നിർദ്ദേശിച്ചതായി പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.