
അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന 400 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ നാറാത്ത് തറമേൽ വീട്ടിൽ മുനീഷ് (27), സൗത്ത് വാഴക്കുളം താഴത്താൻ വീട്ടിൽ അഫ്‌സൽ (23), ആലപ്പുഴ പുന്നപ്ര പരവൂർ കൊല്ലപ്പറമ്പിൽ വീട്ടിൽ ചാൾസ്ഡെന്നിസ് (25), എടത്തലകുഴിവേലിപ്പടി ചാലിൽവീട്ടിൽ മുഹമ്മദ് അൻസാർ (26), പുക്കാട്ടുപടി മലയിടംതുരുത്ത് താഴത്തുപറമ്പിൽവീട്ടിൽ അസ്രത്ത് (20) എന്നിവരെയാണ് ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
അങ്കമാലി ടി.ബി ജംഗ്ഷനിൽ കാറിൽകടത്തിക്കൊണ്ടുവരികയായിരുന്ന 634 മില്ലിഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർആദ്യം പിടിയിലായി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന 400 ഗ്രാമോളം മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ടുപേരും പിടിയിലായി. ബംഗളുരുവിൽനിന്നാണ് സംഘം എം.ഡി.എം.എ കൊണ്ടുവന്നത്. ബംഗളൂരുവിൽനിന്ന് ബസിൽ കോയമ്പത്തൂരിൽ എത്തിയ ടീമിലെ മൂന്നുപേർ കാറിലും ഒരാൾ ബസിലും കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു. കാറിൽ എത്തിയ സംഘത്തെ പൊലീസ് പിടികൂടിയെന്നറിഞ്ഞ ബസിൽ വരികയായിരുന്ന മുനീഷ് സുഹൃത്ത് അസ്രത്തിന്റെ സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്ന പൊലീസ് ആലുവ കുന്നത്തേരി ഭാഗത്ത് നിന്നാണ് പിടികൂടിയത്.
ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻകട്ടി, പി.പി. ഷംസ്, അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർസാദത്ത്, എ.എസ്.ഐ റെജിമോൻ, എസ്.സി.പി.ഒമാരായ ഷിബിൻ, അജിത തിലകൻ,അലി, ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ടീം തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് ആർക്കാണ് കൊണ്ടുവന്നതെന്നുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.