കൊച്ചി: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നടുറോഡിൽ വച്ച് ഒരാൾ കടന്നുപിടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ബൈക്കിലെത്തിയ ആൾ പെൺകുട്ടിയെ ദേഹത്ത് പിടിച്ച് പാഞ്ഞുപോയി. ഈ സമയം പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ഭയന്നുവിറച്ച പെൺകുട്ടി ഇന്നലെ രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സി.സി ടിവി കാമറ ഒന്നും തന്നെയില്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും പൊലീസെത്തി സി.സി ടിവി കാമറകൾ പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് വിരൽചൂണ്ടുന്ന ദൃശ്യമൊന്നും ലഭിച്ചിട്ടില്ല. ചെറുപ്പക്കാരനാണെന്നാണ് മൊഴി. ഇയാൾ ഒറ്റയ്ക്കായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.