കൊച്ചി: രണ്ടാം പ്ലാറ്റ്ഫോമിന് മുന്നിൽ ടിക്കറ്റ് കൗണ്ടറുണ്ട്. പക്ഷേ, അടച്ചിട്ട് നാളേറെയായി. ടിക്കറ്റെടുക്കാൻ യാത്രക്കാർ മേൽപ്പാലം കടന്ന് ഒന്നാം പ്ലാറ്റ് ഫോമിലെത്തണം ! മേൽപ്പാലം താണ്ടി അപ്പുറമെത്താമെന്ന് വിചാരിച്ചാലും രക്ഷയില്ല. അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചതിന് പിഴശിക്ഷ വേറെ. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ അവസ്ഥയാണിത്.

രണ്ടാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടർ പൂട്ടിയത് യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കോട്ടയം വഴി തിരുവനന്തപുരത്ത് പോകാൻ നോർത്ത് റെയിൽവേ സ്‌റ്റേഷനിലെത്തുന്നവർ ചുറ്റിക്കറങ്ങേണ്ട ഗതികേടിലാണിപ്പോൾ.

കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ടിക്കറ്റ് കൗണ്ടർ പൂട്ടിയത്. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടർ പിന്നീട് തുറക്കുമെന്നാണ് അറിയിച്ചെങ്കിലും അതുണ്ടായില്ല. കോട്ടയം-തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും രണ്ടാം പ്ലാറ്റ്‌ഫോമിലാണ് എത്തിച്ചേരുന്നത്. ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടിയശേഷം അതിന് മുന്നിൽ യാത്രാടിക്കറ്റോ അനുബന്ധ രേഖകളോ ഇല്ലാതെ പ്രവേശനം ശിക്ഷാർഹമാണ് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ജോലിത്തിരക്കുകൾക്കുശേഷം ക്ഷീണിച്ചെത്തുന്ന യാത്രക്കാർ അരമണിക്കൂറിലേറെ ക്യൂ നിന്നശേഷമാണ് ഇപ്പോൾ ടിക്കറ്റ് ലഭിക്കുന്നത്.

 നീണ്ട ക്യൂ

ഒന്നാം പ്ലാറ്റ്‌ഫോമിൽ ടിക്കറ്റിനായി എപ്പോഴും നീണ്ട ക്യൂവാണ്. ഇവിടെ നിന്ന് ടിക്കറ്റ് എടുത്തശേഷം രണ്ടാം പ്ലാറ്റ്‌ഫോമിൽ എത്തുമ്പോൾ ട്രെയിൻ സ്റ്റേഷൻ വിട്ടിരിക്കും. കേരള എക്‌സ്‌പ്രസ് കോട്ടയം സ്റ്റേഷനിൽ എത്തുന്ന സമയത്ത് നിരവധി ട്രെയിനുകളുള്ളതിനാൽ ടിക്കറ്റ് കിട്ടുക പ്രയാസമാണ്. കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് നൽകുന്ന കൗണ്ടറുകൾ പോലും ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടർ എത്രയും വേഗം തുറക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ്. കരാർ ടിക്കറ്റ് കൗണ്ടർ എങ്കിലും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറ്റണം.

ഫ്രണ്ട്‌സ് ഓൺ റെയിൽസ്

ടൗൺ സ്റ്റേഷൻ

സംസ്ഥാനത്ത് തന്നെ ഏറ്റവും തിരക്കുള്ള സ്‌റ്റേഷനുകളിൽ ഒന്നാണ് എറണാകുളം ടൗൺ. വേണാട് ഒഴികെ കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം ടൗൺ വഴിയാണ് സർവീസ് നടത്തുന്നത്.