
കൊച്ചി: ഞായറാഴ്ചയായാൽ നിയമപഠന പുസ്തകങ്ങൾക്ക് ഒഴിവുനൽകി, സ്വകാര്യ ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ 'ഹെവി ഡ്യൂട്ടി'യിലായിരിക്കും 21കാരി ആൻമേരി ആൻസെലൻ. കൊച്ചി നഗരത്തിരക്കിലൂടെ ഇരുത്തംവന്ന ഡ്രൈവറെപ്പോലെ ബസോടിക്കും. പ്രതിഫലമല്ല, വലിയവാഹനങ്ങൾ ഓടിക്കാനുള്ള കമ്പമാണ് ആൻമേരിയെ കാക്കനാട് - പെരുമ്പടപ്പ് റൂട്ടിലെ 'ഹേയ്ഡേ' എന്ന സ്വകാര്യ ബസിന്റെ അവധിദിന സാരഥിയാക്കിയത്.
എറണാകുളം ലാ കോളേജിൽ നാലാംവർഷ നിയമവിദ്യാർത്ഥിനിയാണ് ആൻമേരി. കെട്ടിടനിർമ്മാണ കരാറുകാരനായ പള്ളുരുത്തി ചിറക്കൽ പറേമുറിവീട്ടിൽ പി.ജി. ആൻസെലന്റെയും പാലക്കാട് അഡിഷണൽ ജില്ലാ ജഡ്ജി സ്മിത ജോർജിന്റെയും മകൾ. വാഹനക്കമ്പം ചെറുപ്പത്തിലേയുണ്ട്. പത്താംക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചു. 18 തികഞ്ഞപ്പോൾത്തന്നെ ടൂവീലർ, ഫോർവീലർ ലൈസൻസ് കരസ്ഥമാക്കി. 21-ാം പിറന്നാളിന് ഹെവി ഡ്രൈവിംഗ് പഠിക്കാൻ ചേർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ലൈസൻസ് സ്വന്തമാക്കി. തുടർന്നാണ് ഞായറാഴ്ചകളിൽ സ്വകാര്യ ബസ് ഡ്രൈവറുടെ വേഷമണിഞ്ഞത്. പ്രതിഫലം വാങ്ങിയല്ല ഈ സേവനം.
അയൽവാസിയും ബസ് ഡ്രൈവറുമായ ശരത്തായിരുന്നു ധൈര്യം. വാത്തുരുത്തിയിൽനിന്ന് രാവിലെ 6.30ന് തുടങ്ങുന്ന സർവീസ് വൈകിട്ട് ഏഴിനാണ് അവസാനിക്കുക. യാത്രക്കാരുടെ പ്രോത്സാഹനവും ആവോളമുണ്ട്. മറ്റുദിവസങ്ങളിൽ നിയമപഠനത്തിനാണ് മുൻതൂക്കം. സ്വന്തമായൊരു ക്ലാസിക് ബുള്ളറ്റുണ്ട്. കോളേജിൽ പോകുന്നത് ഇതിലാണ്. ഏഴാംക്ലാസുകാരിയായ ഏകസഹോദരി ആൻ റെയ്ചലിനെ സ്‌കൂളിലുമാക്കും.
22 വയസാകും മുമ്പ് ജെ.സി.ബിയും കണ്ടെയ്‌നറുമെല്ലാം ഓടിക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ. പത്താംക്ലാസും പ്ലസ്ടുവുമെല്ലാം ഉയർന്ന മാർക്കോടെ വിജയിച്ച ആൻമേരി മികച്ചൊരു പവർ ലിഫ്റ്ററും കീബോർഡിസ്റ്റുമാണ്.
'' കുടുംബവും അദ്ധ്യാപകരും കൂട്ടുകാരുമെല്ലാം പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. വാഹനങ്ങൾ എത്രയോടിച്ചാലും മതിവരില്ല.
-ആൻമേരി
'' മകളിതെല്ലാം ചെയ്യുന്നത് കാണുമ്പോൾ അഭിമാനമുണ്ട്. സന്തോഷവും.
-മാതാപിതാക്കൾ
ക്യാപ്ഷൻ: അന്നാമ്മ എന്ന പെൺപുലി...കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ ബസോടിക്കുന്ന എറണാകുളം ഗവ. ലാ കോളേജ് നാലാംവർഷ വിദ്യാർത്ഥിനി ആൻമേരിയെന്ന അന്നാമ്മ ഫോട്ടോ: അനുഷ് ഭദ്രൻ
കൊച്ചി: ഞായറാഴ്ചയായാൽ നിയമപഠന പുസ്തകങ്ങൾക്ക് ഒഴിവുനൽകി, സ്വകാര്യ ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ 'ഹെവി ഡ്യൂട്ടി'യിലായിരിക്കും 21കാരി ആൻമേരി ആൻസെലൻ.