adil-james

മരട്: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ടുകാരന്റെ മജ്ജ മാറ്റിവയ്ക്കാൻ നിർദ്ധന കുടുംബം സുമനസുകളുടെ സഹായം തേടുന്നു. മരട് മണ്ണാമുറി ജയിംസ് വർഗീസിന്റെയും നിമ്മിയുടെയും മകൻ ആദിലാണ്(12) ചികിത്സയ്ക്ക് വിധേയനാകുന്നത്. അഞ്ചാം വയസിലാണ് രക്തത്തിൽ അർബുദം കണ്ടെത്തിയത്.

പൂണിത്തുറ സെന്റ് ജോർജ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിലിന് രോഗം കാരണം ക്ലാസിൽ പോകാൻ പറ്റുന്നില്ല. കോഴിക്കോട് എം.വി.ആർ ആശുപത്രിയിലാണ് ചികിത്സ. വിലകൂടിയ വിദേശ മരുന്നുകൾ കൊണ്ടാണിപ്പോൾ ജീവൻ നിലനിർത്തുന്നത്. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മജ്ജ മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപയാകുമെന്നാണു കണക്കാക്കുന്നത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പിതാവും തുണിക്കടയിൽ സെയിൽസ് ജോലി ചെയ്യുന്ന അമ്മയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇത്രയും നാൾ ചികിത്സിച്ചത്. രണ്ടര വയസുകാരൻ ആൽഡനാണ് സഹോദരൻ.

കുടുംബത്തെ സഹായിക്കാൻ മരട് നഗരസഭാദ്ധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ രക്ഷാധികാരിയായും ഡിവിഷൻ കൗൺസിലറും വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനുമായ പി.ഡി.രാജേഷ് ജനറൽ കൺവീനറായും ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. ഫെഡറൽ ബാങ്ക് പൂണിത്തുറ ബ്രാഞ്ചിൽ ആദിലിന്റെ പിതാവ് ജയിംസ് വർഗീസിന്റെയും പി.ഡി.രാജേഷിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 12190100187090. അക്കൗണ്ട് നെയിം: ജയിംസ് വർഗീസ്. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001219. ഫോൺ, ഗൂഗിൾ പേ: 88485 23918.