മൂവാറ്റുപുഴ: കുറ്റകൃത്യങ്ങൾ തടാൻ ലക്ഷ്യമിട്ട് പരാതിപ്പെട്ടിയുമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ. വിദ്യാർത്ഥികൾക്ക് പേര് വെളുപ്പെടുത്താതെ തന്നെ പരാതികളും ആശങ്കകളും പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാം.

പരാതിപ്പെട്ടികൾ ആഴ്ചയിൽ മൂന്നു ദിവസം പ്രധാനാദ്ധ്യാപകന്റെ സാന്നിദ്ധ്യത്തിൽ പരിശോധിക്കും. പരാതികൾ തീർപ്പാക്കുന്നതിനുള്ള ചുമതല ഹെഡ്മാസ്റ്റർക്കോ പ്രിൻസിപ്പലിനോ ഇവരുടെ അഭാവത്തിൽ ചുമതലയുള്ള അദ്ധ്യാപകനോ ആയിരിക്കും. അതല്ലെങ്കിൽ മൂന്ന് അദ്ധ്യാപകർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിക്കും തീരുമാനമെടുക്കാം. കമ്മിറ്റിയിൽ രണ്ട് പേർ അദ്ധ്യാപികമാരായിരിക്കും. ഗൗരവമുള്ള പരാതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരാതി പരിഹാര സെല്ലിന് കൈമാറും. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ എ.എ. അജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, സീനിയർ അസിസ്റ്റന്റ് എം.പി. ഗിരിജ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, അദ്ധ്യാപികമാരായ എം.ഐ.ഷീബ, ഗ്രേസി കുര്യൻ, സിലി ഐസക്ക്, ബീനു ആശ പൗലോസ്, പി.യു.ബാബു, കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.